ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പഞ്ചായത്ത് പൊളിക്കാൻ മടിച്ച അനധികൃത കെട്ടിടം നാട്ടുകാർ പൊളിച്ചു

സ്വന്തം ലേഖകൻ

അജാനൂർ: ഹൈക്കോടതി പൊളിച്ചുമാറ്റാൻ കർശ്ശന നിർദ്ദേശം നൽകിയിട്ടും അജാനൂർ ഗ്രാമ പഞ്ചായത്ത് പൊളിച്ച് മാറ്റാൻ മടി കാണിച്ച അനധികൃത ഷെഡ് ഒടുവിൽ നാട്ടുകാർ പൊളിച്ചുമാറ്റി. അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസി വ്യാപാരി കൊവ്വൽ ഹസൈനാറിന്റെ വീടിന്റെ മുൻവശം നിലവിലുണ്ടായിരുന്ന  കെട്ടിടത്തോട് ചേർത്ത് നിർമ്മിച്ച അനധികൃത ഷെഡാണ് നാട്ടുകാർ ഇടപെട്ട് പൊളിച്ചുമാറ്റിയത്.

കോട്ടിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  കെട്ടിടത്തിന്റെ തെക്ക് ഭാഗത്തുള്ള അതിരിലാണ് സർക്കാർ സ്ഥലം കൈയ്യേറി കെട്ടിടയുടമ ഷെഡ് നിർമ്മിച്ചത്. ഇതിനെതിരെ സ്ഥലമുടമ കൊവ്വൽ ഹസൈനാർ അജാനൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക്  രേഖാമൂലം പരാതി നൽകി കാലങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ അന്വേഷണത്തിൽ പ്രസ്തുത സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണെന്നും അടിയന്തിരമായി കയ്യേറ്റം ഒഴിപ്പിക്കേണ്ടതാണെന്നും അജാനൂർ ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയോട് ഒന്നരമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നാളിതുവരെയായിട്ടും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാൻ ബാധ്യതയുള്ള പഞ്ചായത്ത്  അധികൃതരും ഭരണസമിതിയും  ഹൈക്കോടതി വിധി നടപ്പിലാക്കാതെ അഴകൊഴമ്പൻ വാദമുന്നയിച്ച് കയ്യേറ്റക്കാരനെ പിന്നിൽ നിന്ന് സഹായിക്കുയായിരുന്നു.

LatestDaily

Read Previous

കോൺഗ്രസ് പതാക നശിപ്പിച്ചു

Read Next

ചന്ദനം കടത്തിയ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി പിടിയിൽ