ഫാഷൻ ഗോൾഡ് കണ്ടുകെട്ടൽ ഉത്തരവിൽ പ്രതീക്ഷ – തട്ടിപ്പിൽ പരാതികൾ കൂടുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ധനകാര്യ സെക്രട്ടറി ഉത്തരവിറക്കിയതോടെ തട്ടിപ്പിനിരയായി പരാതി നൽകാൻ മടിച്ചവർ പലരും പരാതിയുമായി രംഗത്ത്. ഫാഷൻ ഗോൾഡ് ചെയർമാനും മുസ്്ലീം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ഡയറക്ടർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം 2 കേസ്സുകളാണ് പയ്യന്നൂർ പോലീസ് റജിസ്റ്റർ ചെയ്തത്.

മാനേജിങ്ങ് ഡയറക്ടർ ടി.കെ. പൂക്കോയയ്ക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് 4 കേസ്സുകളും പയ്യന്നൂർ പോലീസ് റജിസ്റ്റർ ചെയ്തിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രം ബൈത്തൂർ ഹൗസിൽ റഹ്മത്ത് അബൂബക്കർ 43, പുതിയങ്ങാടി മമ്മാ മഹലിലെ അസ്ന ഷെരീഫ് 27, എന്നിവരുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് ഖമറുദ്ദീനും കൂട്ടാളിക്കുമെതിരെ 2 കേസ്സുകൾ റജിസ്റ്റർ ചെയ്തത്.

ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 900 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് എം.സി. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം 2017-ൽ റഹ്മത്ത് അബൂബക്കറിൽ നിന്നും 181 ഗ്രാം സ്വർണ്ണം വാങ്ങിയത്. സമാനമായ വാഗ്ദാനം നൽകിയാണ് ഫാഷൻ ഗോൾഡ് ഉടമകൾ 2018 ആഗസ്ത് മാസത്തിൽ അസ്ന ഷെരീഫിന്റെ പക്കൽ നിന്നും 196 ഗ്രാം സ്വർണ്ണം തട്ടിയെടുത്തത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെതിരെ പരാതികളുയർന്ന  പ്രാരംഭ ഘട്ടത്തിൽ ഇരുവരും പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങിയതാണ് ഇരുവർക്കും പ്രതീക്ഷയായത്.

മുസ്്ലീം ലീഗ് സംസ്ഥാനക്കമ്മിറ്റിയംഗവും മുൻ എംഎൽഏയുമായ എം.സി. ഖമറുദ്ദീന്റെ നേതൃത്വത്തിൽ  ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് മുതലായ കേന്ദ്രങ്ങളിലെ ജ്വല്ലറികളിൽ നടന്നത് കോടികളുടെ നിക്ഷേപത്തട്ടിപ്പാണ്. തട്ടിപ്പിനിരയായവരിൽ  സാധാരണക്കാരായ വീട്ടമ്മമാർ മുതൽ പ്രവാസികൾ വരെയുണ്ട്. ഇവരിലേറെയും  മുസ്്ലീം ലീഗ്  അനുഭാവികളുമാണ്. കോടികൾ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച പ്രവാസികൾ വരെയുണ്ടെങ്കിലും, നിയമത്തിന്റെ നൂലാമാലകൾ ഭയന്ന് പലരും പരാതി നൽകിയിട്ടില്ല.

തട്ടിപ്പ് സംഘത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഉത്തരവിറങ്ങിയതോടെ കൂടുതൽപേർ പരാതികളുമായി രംഗത്തെത്തുമെന്നാണ് സൂചന. ഫാഷൻ ഗോൾഡ് പ്രതികളുടെ  സ്വത്തുക്കൾ കണ്ടുകെട്ടി ഉത്തരവിറങ്ങിയതോടെ തട്ടിപ്പിനിരയായ നിക്ഷേപകരിൽ പ്രതീക്ഷ വർധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സമ്പാദ്യം തിരിച്ചുകിട്ടുമെന്ന് തന്നെയാണ് നിക്ഷേപകരുടെ പ്രതീക്ഷ. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ മാത്രം 7 കോടി രൂപയുടെ തട്ടിപ്പ് കേസ്സുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

LatestDaily

Read Previous

ഐസ്‌ക്രീം പാര്‍ലറില്‍ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഘം ജയിലിൽ

Read Next

പോക്സോ പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിൽ