സ്ത്രീകൾ സഞ്ചരിച്ച കാറിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ

അജാനൂർ : സ്ത്രീകളും കുട്ടികളുമടക്കം സഞ്ചരിക്കുകയായിരുന്ന കാറിനെ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിഞ്ഞാൽ ശാഫി ദവാഖാനക്ക് മുമ്പിൽ ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കാസർകോട് അടുക്കത്ത്ബയലിൽ നിന്നും അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ സന്ദർശിക്കാൻ പോകുകയായിരുന്ന  സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിനെ കാസർകോട് ഭാഗത്ത് നിന്നും അതിവേഗതയിൽ  വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെങ്കിലും ശബ്ദം കേട്ട് പരിസരവാസികൾ അടുത്തെത്തുമ്പോഴേയ്ക്കും ഇന്നോവ കാർ നിർത്താതെ ഓടിച്ചുപോകുകയാണുണ്ടായത്. യുവതി ഓടിച്ചിരുന്ന കാറിൽ മറ്റ് രണ്ട് സ്ത്രീകളും അവരുടെ കുട്ടികളുമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഇവർക്കാർക്കും പരിക്കേറ്റിട്ടില്ല. അതിനിടെ അപകടം വരുത്തി വെച്ച് നിർത്താതെ പോയത് അജാനൂർ ഇഖ്ബാൽ ഹൈസ്കൂളിന് സമീപത്തുള്ള പ്രവാസിയായ യുവാവിന്റെ  വാഹനമാണെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Previous

19 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

Read Next

സംയുക്ത ജമാഅത്ത് പ്രവർത്തക സമിതിയിലേക്ക് പുതിയകോട്ട ജമാഅത്ത് പ്രതിനിധിയെ അയക്കില്ല