കാപ്പ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: കാപ്പ ചുമത്തപ്പെട്ട പ്രതിയെ ചന്തേര എസ്ഐ എംവി.ശ്രീദാസും സംഘവും ബലപ്രയോഗത്തിലൂടെ കീഴടക്കി. അടിപിടി, മോഷണം , മയക്കു മരുന്ന് കള്ളക്കടത്ത് മുതലായ ആറ് കേസുകളിൽ പ്രതിയായ യുവാവിനെയാണ് ഇന്നലെ സന്ധ്യയ്ക്ക് 7 മണിക്ക് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് നിന്നും ചന്തേര പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ ക്ലീൻ കാസർകോട് പദ്ധതി പ്രകാരം കാപ്പ ചുമത്താൻ ജില്ലാകലക്ടർക്ക് റിപ്പോർട്ട് നൽകിയ ചെറുവത്തൂർ മാച്ചിപ്പുറത്തെ പി.കെ. ഷെരീഫിന്റെ മകൻ എം. സുഹൈലിനെയാണ് 24, കാഞ്ഞങ്ങാട് ഡി വൈഎസ്പി  പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ചന്തേര പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ സുഹൈലിനെതിരെ കാപ്പ ചുമത്താനുള്ള പോലീസ് റിപ്പോർട്ട് പ്രകാരം ജില്ലാ കലക്ടറാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്.

പിടികൂടാനുള്ള ശ്രമത്തിനിടെ സ്വന്തം തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച യുവാവ്, താൻ ബ്ലേഡ് വിഴുങ്ങിയെന്ന് പറഞ്ഞ് പോലീസിനെയും മുൾമുനയിലാക്കി. തുടർന്ന് സുഹൈലിനെ  പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ബ്ലേഡ് വിഴുങ്ങൽ നാടകം കെട്ടുകഥയാണെന്ന് തെളിഞ്ഞത്. യുവാവിനെ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.

Read Previous

ഓണക്കോടി അണിയാതെ ആഹൻ കൃഷ്ണൻ യാത്രയായി

Read Next

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ ചൂതാട്ടം