രമേശ് ചെന്നിത്തല കടുത്ത അസംതൃപ്തിയിൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഇത്തവണ കോൺഗ്രസ് പ്രവർത്തക സമിതിയിലെത്തുമെന്ന് ഉറപ്പായും പ്രതീക്ഷിച്ച കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കടുത്ത അസംതൃപ്തിയിൽ. ഉമ്മൻചാണ്ടിയുടെ ഒഴിവിലേക്കാണ് രമേശ് ചെന്നിത്തലയുടെ പേര് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പറഞ്ഞു കേട്ടത്. വിരമിക്കുമെന്ന് പ്രതീക്ഷിച്ച മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഒഴിവ് കൂടിയാവുമ്പോൾ രമേശ് ചെന്നിത്തല പ്രവർത്തക സമിതി അംഗത്വം ഉറപ്പാക്കിയിരുന്നു.

രമേശിനൊപ്പം കേരളത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്തുന്ന രണ്ടാമത്തെ ആൾ ആരായിരിക്കുമെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് രമേശിന് തന്നെയും പ്രവർത്തക സമിതി അംഗത്വം നഷ്ടമായത്. രമേശിനേക്കാൾ പാർട്ടിയിൽ ജൂനിയറായ ശശി തരൂരിനാണ് പ്രവർത്തക സമിതി അംഗത്വം ലഭിച്ചത്. പ്രതികരിക്കാനില്ലെന്ന് പറഞ്ഞാണ് രമേശ് തന്റെ രോഷവും, പ്രതിഷേധവും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രകടമാക്കിയത്.

ദേശീയ നേതൃത്വത്തിന്റെ നടപടി അവഗണനയായിട്ടാണ് ചെന്നിത്തല ക്യാമ്പ് വിലയിരുന്നത്. രമേശ്  ചെന്നിത്തലയ്ക്ക് കോൺഗ്രസ് പ്രവർത്ത സമിതിയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിന് പിന്നിൽ സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലാണെന്നാണ് രമേശ് ക്യാമ്പിന്റെ വിശ്വാസം. വിഷയത്തിൽ വേണുഗോപാലിന്റെ ഇടപെടൽ തന്നെയാണ് രമേശിന്റെ പ്രവർത്തക സമിതി അംഗത്വം നഷ്ടമാക്കിയത്. ചെന്നിത്തലയെക്കാൾ യോഗ്യൻ ശശി തരൂരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെ ധരിപ്പിക്കാൻ കെ.സി. വേണുഗോപാലിന് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.

ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശശിതരൂരിനെ തളച്ചിടാനും കെ.സി. വേണുഗോപാലിന് സാധ്യമായെന്നതും, മറ്റൊരു രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുന്നുണ്ട്. വിമത നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ട ശശി തരൂരിന്റെ കേരള പര്യടനവും തുടർന്ന് ശശി തരൂർ പുറത്തേക്കുള്ള വഴി തേടുന്നുവെന്ന പ്രചാരണവും ശക്തമായിരിക്കെ ഭിന്ന സ്വരത്തിനുള്ള അംഗീകാരം കൂടിയാണ് ശശിതരൂരിന്റെ പ്രവർത്തക സമിതി പ്രവേശനം. ഭിന്ന സ്വരമുയർത്തുന്നവർക്കും കോൺഗ്രസിൽ സ്ഥാനമുണ്ടെന്ന സന്ദേശവും ഇതിലൂടെ മല്ലികാർജ്ജുന ഖാർഗെ നൽകുന്നുണ്ട്. 

Read Previous

വിവാഹത്തിൽ നിന്ന് പിന്മാറി; ഡോക്ടറുടെ പരാതിയിൽ നാലു​പേർക്കെതിരെ കേസ്

Read Next

കോൺഗ്രസിൽ ഉണ്ണിത്താൻ – മുരളീധരൻ പോരിന് വെടിമുഴങ്ങി