ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതികളായ മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ, ചെയർമാൻ എം.സി. ഖമറുദ്ദീൻ മുതലായവരുടെ പേരിലുള്ള സ്വത്ത് വകകൾ കണ്ടുകെട്ടിക്കൊണ്ട് സംസ്ഥാന ഫിനാൻസ് സിക്രട്ടറി സഞ്ജയ് എം. കൗൾ ഉത്തരവിറക്കി. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന്റെ അന്വേഷണച്ചുമതലയുള്ള കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി, പി.പി. സദാനന്റെ റിപ്പോർട്ടിന്മേൽ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന പ്രകാരമാണ് ഫിനാൻസ് സിക്രട്ടറി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഉത്തരവിറക്കിയത്.
കണ്ടുകെട്ടിയ സ്വത്തുക്കളിൽ കമ്പനിയുടെ ചെയർമാൻ എം.സി. ഖമറുദ്ദീൻ, എം.ഡി പൂക്കോയതങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഫാഷൻ ഓർണമെന്റ് ജ്വല്ലറി കെട്ടിടവും ബംഗളൂരു സിലിഗുണ്ടെ വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരേക്കർ ഭൂമിയും ഉൾപ്പെടുന്നു. ഇവ കൂടാതെ നേരത്തെ മറിച്ച് വിറ്റിരുന്ന കാസർകോട് ടൗണിലെ ഭൂമിയും അതിലെ മുറികളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
170-ൽ അധികം നിക്ഷേപകർക്ക് 26 കോടിയിലധികം രൂപ തിരിച്ച് നൽകാനുള്ളപ്പോൾ, കമ്പനിക്ക് ബാധ്യതയുള്ള ഒരാൾക്ക് മാത്രം ഇൗ കെട്ടിടം മറിച്ച് വിറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ എം.സി. ഖമറുദ്ദീൻ ടി.കെ. പൂക്കോയ എന്നിവരുടെ പേരിലുള്ള ചെറുവത്തൂരിലേയും കയ്യൂരിലേയും തൃക്കരിപ്പൂരിലെയും എസ്ബിഐ ബാങ്ക് അക്കൗണ്ടുകളും പയ്യന്നൂരിലെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളും ചെറുവത്തൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടുകളും കാലിക്കടവിലെ കാനറാ ബാങ്ക് അക്കൗണ്ടുകളും സർക്കാർ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ പയ്യന്നൂരിലേയും ബംഗളൂരുവിലേയും വസ്തുവകകൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മറ്റും പേരിൽ നിയമാനുസൃതമല്ലാതെയും കൈമാറ്റം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ടി.കെ. പൂക്കോയയുടെ പേരിൽ മാണിയാട്ടുള്ള 17.29 സെന്റ് സ്ഥലവും എം.സി. ഖമറുദ്ദീന്റേ പേരിൽ ഉദിനൂർ വില്ലേജിലുള്ള 17 സെന്റ് സ്ഥലവും എം.സി. ഖമറുദ്ദീന്റെ ഭാര്യയുടെ പേരിൽ ഉദിനൂർ വില്ലേജിലുള്ള 23 സെന്റ് സ്ഥലവും സംസ്ഥാന ധനകാര്യ സിക്രട്ടറിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയവയിൽപ്പെടും.
ബഡ്സ് ആക്ട് പ്രകാരം കുറ്റകൃത്യത്തിലൂടെ നേടിയെടുത്ത സ്വത്തുക്കൾ മാത്രമല്ല, പരമ്പരാഗത സ്വത്തുക്കളും നിക്ഷേപകരുടെ ബാധ്യത തീർക്കാൻ ഉപയോഗിക്കാവുന്നതാണ്. കണ്ടുകെട്ടിയ വസ്തുവകകളിൽ നിന്ന് ആദായമെടുക്കുന്നത് തടഞ്ഞിട്ടുണ്ട്. കണ്ടുകെട്ടൽ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിന് കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ധനകാര്യ സിക്രട്ടറി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.