കോട്ടച്ചേരി സഹകരണ ബാങ്ക് പണയത്തട്ടിപ്പ്; ശാഖാ മാനേജർ ടി. നീന റിമാന്റിൽ

കാഞ്ഞങ്ങാട് : കോട്ടച്ചേരി സഹകരണ ബാങ്ക് മഡിയൻ ശാഖയിൽ നടന്ന പണയത്തട്ടിപ്പിൽ ഒളിവിലായിരുന്ന ശാഖാ മാനേജർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പോലീസിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു. കോട്ടച്ചേരി സഹകരണ ബാങ്ക് മഡിയൻ ശാഖാ മാനേജർ ടി. നീനയാണ് ഇന്നലെ ഹോസ്ദുർഗ്ഗ് പോലീസിൽ കോടതി നിർദ്ദേശത്തെത്തുടർന്ന് കീഴടങ്ങിയത്.

ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിമറിയിലൂടെ വീണ്ടും പണയം വെച്ച് 58,41,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ്സിൽ പ്രതിയാണ് ടി. നീന. 2020 മെയ് 22 മുതൽ 2023 ജൂൺ 13 വരെയുള്ള കാലയളവിലാണ് കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മഡിയൻ ശാഖാ മാനേജർ ടി. നീന ബാങ്കിലെ പണയ ഉരുപ്പടികൾ വീണ്ടും പണയപ്പെടുത്തിയതായി രേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തത്. ഇവർക്ക് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം ബാങ്ക് അധികൃതർ അറിഞ്ഞത്.

ബാങ്ക് സിക്രട്ടറി വി.വി. ലേഖയുടെ പരാതിയിൽ ശാഖാ മാനേജർ ടി. നീന, ബന്ധു ഷാജോൺ ഷാലു, അബ്ദുൾ റഹ്മാൻ, മുഹമ്മദ് ഫർഹാൻ, നസീമ, പി. ശാരദ, ഇ.വി. രതീഷ് എന്നിവരെ പ്രതിയാക്കി ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തതോടെയാണ് ടി. നീന ഒളിവിലായത്. ഒളിവിലിരുന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ച ടി. നീനയോട് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെയാണ് ഇവർ ഇന്നലെ ഹോസ്ദുർഗ്ഗ് പോലീസിൽ കീഴടങ്ങിയത്.

പണയ ഉരുപ്പടികൾ ലോക്കറിലെ കവറുകളിൽ നിന്ന് പുറത്തെടുത്ത് ബാങ്കിൽ അംഗങ്ങളായ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും പേരിൽ വീണ്ടും പണയം വെച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് പുറത്തായതോടെ നീനയെ ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തിരുന്നു. ആർഭാട ജീവിതത്തിന് വേണ്ടിയാണ് ഇവർ ജോലി െചയ്തിരുന്ന സ്ഥാപനത്തിൽ അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.

LatestDaily

Read Previous

ഫാഷൻ ഡോൾഡ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഉത്തരവിറങ്ങി

Read Next

ക്വാർട്ടേഴ്സിൽ ഒളിഞ്ഞുനോട്ടം; അതിഥി തൊഴിലാളിയെ കയ്യോടെ പിടികൂടി