ഗഫൂർ ഹാജിയുടെ കാണാതായ സ്വർണ്ണമെവിടെ; ഉത്തരമില്ലാതെ പോലീസ്

സ്വന്തം ലേഖകൻ

ബേക്കൽ : പൂച്ചക്കാട്ടെ പ്രവാസി വ്യവസായി സി.കെ. അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തെത്തുടർന്ന് വീട്ടിൽ നിന്നും കോടികൾ വില മതിക്കുന്ന സ്വർണ്ണം കാണാതായ സംഭവത്തിൽ അന്വേഷണം സ്തംഭിച്ചു.  ഏപ്രിൽ 14-ന് പുലർച്ചെയാണ് പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയായ അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 600 പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

സഹോദരി, മകൾ, മകന്റെ ഭാര്യ എന്നിവരിൽ നിന്നും സ്വർണ്ണം ശേഖരിച്ച് കൈവശം വെച്ച ഗഫൂർ ഹാജി 600 പവനിലധികം വരുന്ന സ്വർണ്ണം കൈവശം വെച്ചത് എന്തിനെന്ന് വ്യക്തമല്ല. മരണത്തിന്റെ തലേദിവസം ഗഫൂർ ഹാജി ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഏപ്രിൽ 27-ന് കബറിടത്തിൽ നിന്നും പുറത്തെടുത്ത് ഗഫൂർഹാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്ന രാസപരിശോധനാ ഫലമാണ് ലഭിച്ചത്.

മരണത്തെക്കുറിച്ചുള്ള ദുരൂഹത അകന്നുവെങ്കിലും, കാണാതായ സ്വർണ്ണം എവിടെയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. മാങ്ങാട്ടെ ജിന്ന് യുവതിയുമായി ഗഫൂർ ഹാജിക്ക് അടുത്ത പരിചയമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ അവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നിരുന്നു. ഹണി ട്രാപ്പ് കേസ്സിൽ  പ്രതിയായ ജിന്ന് യുവതിയുമായി  ഗഫൂർ ഹാജിക്കുണ്ടായ പരിചയവും മരണത്തിന് തലേദിവസം ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്ന അവസരത്തിൽ ജിന്ന് യുവതി വീട്ടിലെത്തിയിരുന്നുവെന്നതും  സംശയം വർധിപ്പിച്ചിട്ടുണ്ട്.

കാണാതായ സ്വർണ്ണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് പലരുടെയും മൊഴിയെടുത്തിരുന്നു. ജിന്ന് യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബേക്കൽ പോലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് യുവതി കോടതിയെ അറിയിച്ചതോടെ അന്വേഷണം നിലച്ച മട്ടാണ്.

ജിന്ന് യുവതിയുടെ മുൻകാല ചരിത്രം അറിയാവുന്ന നാട്ടുകാർ വിശ്വസിക്കുന്നത് ഗഫൂർ ഹാജി യുവതിയുടെ തട്ടിപ്പിനിരയായെന്ന് തന്നെയാണ്. യുവതിയും ഗഫൂർഹാജിയും വാട്സ്ആപ്പ് വഴി ആശയ വിനിമയം നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളിൽ പലതും ഹാജിയുടെ ഫോണിൽ നിന്നും മായ്ക്കപ്പെട്ടതിലും ദുരൂഹതയുണ്ട്.

ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണം എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ടെങ്കിലും അന്വേഷണം മരവിച്ച നിലയിലായതോടെ നാട്ടുകാരും ഗഫൂർ ഹാജിയുടെ ബന്ധുക്കളും ആശങ്കയിലാണ്.

LatestDaily

Read Previous

റെയിൽവെ ട്രാക്കിൽ പരിശോധന; അമ്പതോളം പേർ കസ്റ്റഡിയിൽ

Read Next

സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പ് തർക്കം