4 പേരുടെ മരണം അജാനൂരിനെ ദുഃഖസാന്ദ്രമാക്കി

സ്വന്തം ലേഖകൻ

അജാനൂർ: മൂന്ന് യുവാക്കളടക്കം നാല് പേരുടെ   മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ  മരണം അജാനൂർ പഞ്ചായത്തിലെ ചിത്താരി, നോർത്ത് ചിത്താരി, മാണിക്കോത്ത് എന്നീ പ്രദേശത്തുള്ള ജനങ്ങളെ കടുത്ത ദുഃഖത്തിലാക്കി. നോർത്ത് ചിത്താരിയിലെ അസീസിയ കോളേജ് വിദ്യാർത്ഥി മുഹവ്വിദിൻ 14, വെള്ളിയാഴ്ച വൈകുന്നേരമാണ് കുളിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങിമരിച്ചത്.

ഏതാനും ദിവസം മുമ്പ് അമ്പലത്തറയിലുള്ള ഗൃഹപ്രവേശനം നടന്ന വീട്ടിൽ നിന്നും പുറപ്പെട്ട് കൂട്ടുകാരുമായി  തിരിച്ചെത്താമെന്ന് പറഞ്ഞാണ് മാതാവിനോട് യാത്ര പറഞ്ഞിറങ്ങിയത്. അത് മുഹവ്വിദിന്റെ അവസാനയാത്രയായിരുന്നു. സൗത്ത് ചിത്താരിയിലെ യൂത്ത് ലീഗ് പ്രവർത്തകനും അതിഞ്ഞാലിൽ സ്റ്റേഷനറി കട നടത്തി വരികയുമായിരുന്ന അബ്ദുൽ റസാഖ് എന്ന യുവാവ് ഉച്ചയ്ക്ക് കടയിൽ നിന്നും ചിത്താരിയിലെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. അവിടെവെച്ച് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും, അവിടെ നിന്നും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹിതനാണ്. റയാൻ, യാസിൻ എന്നീ രണ്ട് മക്കളുണ്ട്.

യുവാവിന്റെ അകാല മരണം നാട്ടുകാരെ ഒന്നടങ്കം ദുഃഖിതരാക്കി. രണ്ട് മൃതദേഹങ്ങളും സംസ്ക്കരിച്ചതിന് ശേഷമുള്ള പ്രാർത്ഥനാ കർമ്മങ്ങൾ നടത്തുന്നതിനിടയിലാണ് മറ്റൊരു ദുരന്ത വാർത്ത നാട്ടുകാർ കേൾക്കുന്നത്. നോർത്ത് ചിത്താരിയിലെ യൂത്ത് ലീഗ് പ്രവർത്തകനും വിദ്യാർത്ഥിയുമായ അബ്ദുല്ല വാഹനാപകടത്തിൽ മരണപ്പെട്ട വാർത്തയായിരുന്നു അത്. ശനിയാഴ്ച ഉച്ചയോടെ നോർത്ത് ചിത്താരിയിലെ പള്ളിക്ക് സമീപം തന്നെയായിരുന്നു അബ്ദുല്ല സഞ്ചരിച്ചിരുന്ന ബൈക്ക്  ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അതിനിടയ്ക്ക് തന്നെ മാണിക്കോത്ത് കപ്പണക്കാൽ കുഞ്ഞാമിന എന്ന സ്ത്രീയെ വയറുവേദന മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

Read Next

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി