എരിക്കുളം മാല കവർച്ച: പ്രതി കാണാമറയത്ത്

സ്വന്തം ലേഖകൻ

നീലേശ്വരം: മടിക്കൈ എരിക്കുളത്ത് വീട്ടമ്മയുടെ കഴുത്തിൽ നിന്നും പുലർകാലം സ്വർണ്ണമാല പറിച്ച സംഘത്തെക്കുറിച്ച് സൂചനയൊന്നും ലഭിക്കാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നു. ആഗസ്റ്റ് 8-ന് പുലർച്ചെ 4 മണിക്കാണ് മടിക്കൈ എരിക്കുളം വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സരോജിനിയുടെ കഴുത്തിൽ നിന്നും മോഷ്ടാക്കൾ സ്വർണ്ണമാല പറിച്ചത്.

പുലർച്ചെ എഴുന്നേറ്റ് വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്ന സരോജിനിയുടെ മൂക്കും വായയും പൊത്തിപ്പിടിച്ചാണ് മോഷ്ടാവ് കഴുത്തിലെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പറിച്ചെടുത്തത്. പിടിവലിക്കിടെ സ്വർണ്ണമാലയുടെ ഒരു കഷണം സരോജിനി കൈക്കലാക്കി. ബാക്കിയുള്ള സ്വർണ്ണവുമായാണ് മോഷ്ടാവ് പുലർച്ചെ ഇരുളിൽ മറഞ്ഞത്.                    സംഭവത്തിൽ സരോജിനിയുടെ മകൻ പുഷ്ക്കരന്റെ പരാതിയിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് അന്വേഷണം വഴിമുട്ടിയത്. കവർച്ച നടന്ന് 10 ദിവസം കഴിഞ്ഞിട്ടും മോഷ്ടാക്കളിലേക്കെത്താനുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

സംഭവം നടന്ന സമയത്തെ ഫോൺവിളി രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. പരാതിക്കാരിയുടേതടക്കം നിരവധി പേരുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള ശ്രമകരമായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യം നടന്ന പ്രദേശത്തെ മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കുന്ന നടപടി തുടർന്നു കൊണ്ടിരിക്കുകയാണെന്ന് നീലേശ്വരം പോലീസ് വ്യക്തമാക്കി. ഫോൺവിളി രേഖകളുടെ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്താനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് നോട്ടീസ്  മുഖവിലയ്ക്കെടുക്കില്ല: കൊളവയൽ മുസ്ലിം ജമാഅത്ത്

Read Next

തിയേറ്ററിൽ ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്