സംയുക്ത ജമാഅത്ത് വിട്ട് നിൽക്കാനുള്ള അതിഞ്ഞാൽ ജമാഅത്ത് തീരുമാനം ശരിവെച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : അതിഞ്ഞാൽ ജമാഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അതിഞ്ഞാൽ മുസ്്ലീം ജമാഅത്ത് കമ്മിറ്റി തീരുമാനം ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ശരിവെച്ചു. കഴിഞ്ഞ മാസം ചേർന്ന അതിഞ്ഞാൽ മുസ്്ലീം ജമാഅത്ത് പ്രവർത്തക സമിതിയോഗമാണ് സംയുക്ത മുസ്്ലീം ജമാഅത്തുമായി നിസ്സഹകരിക്കാനും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.

സമീപ ജമാഅത്തുമായി ബന്ധപ്പെട്ട അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ വർഷങ്ങളായി നീട്ടിക്കൊണ്ടുപോകുന്ന സംയുക്ത ജമാഅത്ത് നിലപാടിലുള്ള പ്രതിഷേധമാണ് കടുത്ത നിലപാടെടുക്കാൻ അതിഞ്ഞാൽ ജമാഅത്തിനെ പ്രേരിപ്പിച്ചത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഇൗയിടെ ചേർന്ന സംയുക്ത ജമാഅത്ത് യോഗത്തിൽ അതിഞ്ഞാൽ ജമാഅത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.

തർക്ക വിഷയങ്ങൾ പിന്നീട് പരിഹരിക്കാമെന്നും യോഗത്തിൽ പങ്കെടുക്കണമെന്നുമുള്ള സംയുക്ത ജമാഅത്ത് ഖാസി മുത്തുക്കോയ തങ്ങളുടെയും സംയുക്ത ജമാഅത്ത് ഭാരവാഹികളുടെയും അഭ്യർത്ഥന അതിഞ്ഞാൽ ജമാഅത്ത് തള്ളിക്കളയുകയായിരുന്നു. സംയുക്ത ജമാഅത്ത് യോഗം ഹിതപരിശോധനയിലൂടെ തെരഞ്ഞെടുത്ത പുതിയ ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്ത് അതിഞ്ഞാൽ ജമാഅത്തിനെഴുതിയ കത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്നും വിട്ടു നിൽക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ആവശ്യപ്പെട്ടിരുന്നു.

ഇപ്രകാരം അതിഞ്ഞാൽ ജമാഅത്ത് പ്രവർത്തക സമിതിയോഗം കത്ത് പരിഗണിക്കുകയും തീരുമാനം ജനറൽ ബോഡി യോഗത്തിന് വിടുകയും ചെയ്തതാണ്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കത്ത് വായിക്കുകയും സംയുക്ത ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേരത്തെയെടുത്ത തീരുമാനം തുടർന്നു പോകാൻ തീരുമാനിക്കുകയുമായിരുന്നു.

ഖത്തീബ്, അബ്ദുൽ ഖാദർ അസ്്ഹരി ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുല്ല ഹാജി ആദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. ബി. മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസഹാജി, പി.എം. ഹസൻഹാജി, പി.എം. ഫാറൂഖ് ഹാജി, എം.എം. മുഹമ്മദ് കുഞ്ഞിഹാജി, കെ.കെ. അബ്ദുല്ല ഹാജി, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്.സുലൈമാൻ ഹാജി, പി.എം. നാസർ, മൊയ്തീൻകുഞ്ഞി, അഷ്റഫ് ചോട്ട, കെ.കെ. അബ്ദുല്ല ഹാജി, എം.ബി.എം. അഷ്റഫ്, ടി. മുഹമ്മദ് അസ്്ലം തുടങ്ങിയവർ സംസാരിച്ചു.

LatestDaily

Read Previous

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Read Next

നഗ്ന വീഡിയോ കോൾ പണത്തിന് വേണ്ടി അന്വേഷണം തുടരുന്നു