ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: നീലേശ്വരം ദേശീയപാതയിൽ ആകാശപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സമരം പ്രഖ്യാപിച്ചതോടെ ആകാശപ്പാതയെച്ചൊല്ലി നീലേശ്വരത്ത് രാഷ്ട്രീയ യുദ്ധം മുറുകി. സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശപ്പാതയ്ക്ക് വേണ്ടിയാരംഭിച്ച സമരം എൽഡിഎഫും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ വടംവലിയായി മാറിയതോടെയാണ് എൽഡിഎഫ് ഓഗസ്റ്റ് 31-ന് നീലേശ്വരത്ത് പ്രത്യേകം സമരത്തിനാഹ്വാനം ചെയ്തത്. ആകാശപ്പാതയ്ക്ക് വേണ്ടി യുഡിഎഫ് നടത്തിയ പഞ്ചദിന സത്യാഗ്രഹത്തിന് പിന്നാലെയാണ് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ഓഗസ്റ്റ് 31-ന് ആകാശപ്പാതയ്ക്കായി പ്രതിഷേധ ജ്വാല നടത്തുമെന്ന് പ്രഖ്യാപിച്ചത്.
സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ ആകാശപ്പാതയ്ക്ക് വേണ്ടി നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് എൽഡിഎഫ് ജില്ലാ കൺവീനറായ കെ.പി. സതീഷ് ചന്ദ്രനായിരുന്നു. ഉദ്ഘാടനത്തോടെ ആവേശം കെട്ടടങ്ങിയ സമരത്തിന് ശേഷം യുഡിഎഫ് പ്രഖ്യാപിച്ച പഞ്ചദിന സത്യാഗ്രഹം രണ്ടു ദിവസം മുമ്പാണ് സമാപിച്ചത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജിന് പകരം ആകാശപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപ്പാതയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട രീതിയിലുള്ള പാലം നീലേശ്വരം ടൗണിനെ ഒറ്റപ്പെടുത്തുമെന്നാണ് ആശങ്ക. ഇതിന് പകരമായി ആകാശപ്പാത വേണമെന്ന ആവശ്യത്തിന് വേണ്ടി ഒന്നിച്ചു നിൽക്കാതെ പരസ്പരം പോരടിക്കുകയാണ് നീലേശ്വരത്തെ എൽഡിഎഫ് യുഡിഎഫ് നേതൃത്വങ്ങൾ. പരസ്പരം പഴിചാരി വിഷയത്തെ രാഷ്ട്രീയായുധമാക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്.
ദേശീയപാതാ നിർമ്മാണം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയായതിനാൽ നീലേശ്വരത്തെ ആകാശപ്പാതയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പൊതുവായ ഒരാവശ്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കാതെ പരസ്പരം പോരടിക്കുന്ന നീലേശ്വരത്തെ എൽഡിഎഫ് യുഡിഎഫ് നേതൃത്വങ്ങൾക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.
ഓഗസ്റ്റ് 31-ന് സന്ധ്യയ്ക്ക് 6 മണിക്കാണ് ആകാശപ്പാതയ്ക്ക് വേണ്ടി നീലേശ്വരം ദേശീയപാതയിൽ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധ ജ്വാല നടക്കുന്നത്. ആകാശപ്പാതയ്ക്ക് വേണ്ടിയുള്ള യോജിച്ച സമരത്തിന് യുഡിഎഫ് തടസ്സമായി നിൽക്കുന്നുവെന്നാണ് എൽഡിഎഫിന്റെ ആരോപണം. യുഡിഎഫ് ഏകപക്ഷീയമായി സംഘടിപ്പിച്ച പഞ്ചദിന സത്യാഗ്രഹം രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതായിരുന്നുവെന്നും എൽഡിഎഫ് കുറ്റപ്പെടുത്തുന്നു.