മതസ്പർദ്ധ കേസ്സിൽ പ്രതികളുടെ സെൽഫോൺ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

അജാനൂർ: മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്സിൽ ജയിൽ മോചിതരായ പ്രതികളുടെ സെൽഫോൺ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇക്കഴിഞ്ഞ ജൂലായ് 25-ന് വൈകുന്നേരമാണ് യൂത്ത് ലീഗ് നേതൃത്വത്തിന്റെ കീഴിൽ കാഞ്ഞങ്ങാട്ട് നടന്ന റാലിയിൽ അണികളിൽ ഏതാനും  പേർ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.

ഇതേത്തുടർന്ന് കാഞ്ഞങ്ങാട്ടെ ബിജെപി യുവമോർച്ച നേതാക്കളുടെ പരാതിയിൽ മത ജാതികൾ തമ്മിലുള്ള സൗഹൃദങ്ങൾക്കും പൊതുശാന്തിയെയും പ്രതികൂലമായി ബാധിക്കുന്ന കുറ്റത്തിന് ഐപിസി 153 ഏ വകുപ്പു  പ്രകാരം ഹൊസ്ദുർഗ് പോലീസ് കേസ്സെടുക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടാൽ മൂന്ന് വർഷത്തോളം തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് അനുഭവിക്കാനുള്ള ശിക്ഷയോ ലഭിക്കുന്നതാണ്. യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് വിവാദമായതോടെ മുദ്രാവാക്യം വിളിച്ചു കൊടുത്ത യുവാവിനെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

പ്രദേശത്ത് കലാപമുണ്ടാക്കി മതങ്ങൾ തമ്മിലുള്ള സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയതെന്ന ഗുരുതരമായ ആരോപണത്തെ തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ ലീഗ് നേതാക്കളുടെ സഹകരണത്തോടെയാണ് മഡിയൻ, തെക്കുപുറം, കല്ലൂരാവി, ആറങ്ങാടി  എന്നീ സ്ഥലങ്ങളിൽ നിന്നുള്ള എട്ടോളം പ്രതികളെ അറസ്റ്റ് ചെയ്തത്. 14 ദിവസം ജയിലിൽ കഴിഞ്ഞ പ്രതികൾ  റിമാൻഡ് കാലാവധിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പ്രതികൾ ഉപയോഗിച്ചു വരുന്ന സെൽഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

LatestDaily

Read Previous

നീലേശ്വരത്ത് എൽഡിഎഫ് – യുഡിഎഫ് ആകാശയുദ്ധം

Read Next

പശുക്കടത്താരോപിച്ച് ആക്രമണം