ട്രെയിനുകളുടെ പുതിയ സ്റ്റോപ്പുകളിലും കാഞ്ഞങ്ങാടിന് അവഗണന

സ്വന്തം ലേഖകൻ

അജാനൂർ: ഏ ക്ലാസ് പദവിയിലുള്ള കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും, നിർത്തൽ ചെയ്ത രണ്ട് ട്രെയിനുകൾക്ക്  സ്റ്റോപ്പ് പുനഃക്രമീകരിക്കുകയോ സംസ്ഥാനത്ത് പുതുതായി അനുവദിച്ച ട്രെയിനുകളുടെ സ്റ്റോപ്പുകൾക്ക് കാഞ്ഞങ്ങാടിനെ പരിഗണിക്കുകയോ ചെയ്യാതെ റെയിൽവെ കാഞ്ഞങ്ങാടിനോട് കടുത്ത അവഗണന തുടരുകയാണ്.

കോവിഡ് മഹാമാരിക്ക് ശേഷം ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ചു വരുന്ന റെയിൽവെ കാഞ്ഞങ്ങാട്ട് നിലവിലുണ്ടായിരുന്ന രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. നിസ്സാമുദ്ദീനിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 3-ന് കാഞ്ഞങ്ങാട്ടെത്തിയിരുന്ന 12618 നമ്പർ മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് കാഞ്ഞങ്ങാട്ട് നിർത്താതെ നീലേശ്വരത്താണ് നിർത്തിവരുന്നത്.

അതുപോലെ നാഗർകോവിലിൽ നിന്നും പുറപ്പെട്ട് കാഞ്ഞങ്ങാട് സ്റ്റോപ്പുണ്ടായിരുന്ന 16336 ഗാന്ധിദാം എക്സ്പ്രസ്സിന് ഇപ്പോൾ കാസർകോടാണ് സ്റ്റോപ്പുള്ളത്. അതേസമയം മംഗളാ എക്സ്പ്രസ്സിന് വടക്കോട്ടും ഗാന്ധിദാമിന് തെക്കോട്ടുമുള്ള സർവ്വീസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പുണ്ട്. നൂറുകണക്കിന് യാത്രക്കാരുടെ താൽപ്പര്യവും ആവശ്യങ്ങളും ധിക്കരിച്ചു കൊണ്ടാണ് റെയിൽവെയുടെ ഈ കാട്ടുനീതി.

ഇരുഭാഗങ്ങളിലേക്കും സർവ്വീസ് നടത്തിവരുന്ന 14 ട്രെയിനുകളാണ് കാഞ്ഞങ്ങാട്ട് നിർത്താതെ പോവുന്നത്. റെയിൽവെ പ്രഖ്യാപിക്കുകയും, കാഞ്ഞങ്ങാടുൾപ്പെടെ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്ത മംഗളൂരു രാമേശ്വരം ട്രെയിൻ മൂന്ന് വർഷം കഴിഞ്ഞിട്ടും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. തമിഴ്നാട്ടിലെ തീർത്ഥാടന വിനോദ സഞ്ചാര മേഖലകളിൽ വൻകുതിച്ചുചാട്ടത്തിന് വഴിവെക്കുമായിരുന്ന ഈ ട്രെയിൻ പ്രതീക്ഷിച്ചിരുന്ന യാത്രക്കാർ വിഡ്ഢികളാവുകയായിരുന്നു.

എറണാകുളം അജ്മീർ 12977 മരുസാഗർ ട്രെയിനിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിൽ ഓണസമ്മാനമായി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചുവെന്നുള്ള പ്രചാരണം മലബാറിലെ റെയിൽവെ യാത്രക്കാരെ മോഹിപ്പിച്ചുവെന്നല്ലാതെ യാതൊരു പ്രയോജനവും ഇതുകൊണ്ടുണ്ടായില്ല.

LatestDaily

Read Previous

ഭർത്താവ് നഗ്ന വീഡിയോ കോൾ ചെയ്യാൻ നിർബന്ധിച്ചതായി യുവതി

Read Next

ഡോക്ടർ മനസ്സ് തുറന്നാൽ മരണവും മാറി നിൽക്കും