ഡോക്ടർ മനസ്സ് തുറന്നാൽ മരണവും മാറി നിൽക്കും

ഡോ. റഹിം കടവത്ത്

കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ബഷീർ മണ്ട്യൻ ഡ്യൂട്ടിക്കിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ തൊട്ടടുത്തുള്ള വീട്ടിലായിരുന്നു. തന്റെ ഇഷ്ട വിഭവമായ സെക അട (മഞ്ഞൾ ഇലയിൽ പൊതിഞ്ഞു വേവിച്ചെടുക്കുന്ന അട) കഴിച്ചു കൊണ്ടിരിക്കവേയാണ് തീർത്തും യാദൃശ്ചികമായി ആ കോൾ എത്തുന്നത്.

പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലരുടെ പേഴ്സണൽ ഡോക്ടർ ആയിരുന്നു വിളിച്ചത്. ഡോക്ടർ ബഷീറിന് കിട്ടിയ ‘കോൾഡ് ബ്ലു ‘ സൈറൺ ആയിരുന്നു ആ ഫോൺ വിളി. നഗരത്തിലെ മറ്റൊരു ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റിലായിരുന്നു രോഗി. ഡോക്ടർ ബഷീർ എത്തുമ്പോഴേയ്ക്കും നഗരത്തിലെ കൈത്തഴക്കം വന്ന ഡോക്ടർമാർ എല്ലാം രോഗിയെ കയ്യൊഴിഞ്ഞ അവസ്ഥയിലും.

ഒരു ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റിന്റെ മനസ്സാനിധ്യത്തോടെ ഡോക്ടർ ബഷീർ ലീഡർ സ്ഥാനം ഏറ്റെടുക്കുന്നു. പെട്ടെന്ന് സി. പി. ആറും, ഇന്റുബാഷനും ചെയ്തു, വൈസ് ചാൻസിലരുടെ നിലച്ചു പോയ ശ്വാസം തിരിച്ചു പിടിക്കുന്നു. വിദഗ്ദ ചികിത്സയുടെ അഭാവത്തിൽ മോനിറ്ററിൽ  പച്ച വരയായി ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഒരു ജീവനാണ് ഐഷാൽ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ബഷീറിന്റെ ഇടപെടൽ മൂലം മോനിട്ടറിലെ പച്ച സിഗ്നൽ കയറ്റിറക്കങ്ങൾ ആയി മാറിയത്.

തന്റെ കർത്തവ്യം നിർവ്വഹണത്തിന് ശേഷം ഐഷാൽ മെഡിസിറ്റിയിലേക്ക് മടങ്ങിയ ഡോക്ടർ ബഷീറിന് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടറുടെ അപേക്ഷയ്ക്ക് മുമ്പിൽ ‘ഇല്ല ‘എന്ന് പറയാനായില്ല. കണ്ണൂരിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി വരെ വൈസ് ചാൻസിലറെ  ഡോക്ടർ അനുഗമിച്ചു, തിരിച്ചു വീട്ടിൽ എത്തി, താൻ കഴിച്ചു ബാക്കി വെച്ച സെക അട കഴിക്കുമ്പോൾ വാച്ചിലെ പച്ച ഡയലുകളിൽ മണി പുലർച്ചെ രണ്ടു മുപ്പത്തി യഞ്ച്. ഒരു ജീവൻ കൂടി രക്ഷിച്ചെടുക്കാൻ പടച്ചവൻ നൽകിയ അവസരത്തിനു നന്ദി പറഞ്ഞു, ഡോക്ടർ ബഷീർ മയക്കത്തിലേക്ക് വീഴുമ്പോൾ, രാത്രിയുടെ മൂന്നാം യാമത്തിലെ വെള്ളി വെളിച്ചം ഒരു തെളിച്ചം പോലെ അവിടങ്ങളിൽ പരന്നു.

LatestDaily

Read Previous

ട്രെയിനുകളുടെ പുതിയ സ്റ്റോപ്പുകളിലും കാഞ്ഞങ്ങാടിന് അവഗണന

Read Next

നീലേശ്വരത്ത് എൽഡിഎഫ് – യുഡിഎഫ് ആകാശയുദ്ധം