മയക്കുമരുന്ന്, സ്വർണ്ണക്കടത്തുകൾക്ക് യുവതീ യുവാക്കൾ ഒരുമ്പെട്ടിറങ്ങുന്നു, അന്ധാളിപ്പോടെ നിയമ പാലകർ

രവി പാലയാട്

തലശ്ശേരി: എന്തെല്ലാമോ വെട്ടിപ്പിടിക്കാൻ മോഹിക്കുന്ന യുവത്വം ആൺ-പെൺ ഭേദമില്ലാതെ സകലമാന നിയന്ത്രണങ്ങളുടെയും കെട്ടു പൊട്ടിച്ച് മയക്ക് മരുന്നിന്റെയും സ്വർണ്ണത്തിന്റെയും കള്ളക്കടത്ത് കയങ്ങളിലേക്ക് ഊളിയിടുകയാണ്. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായുള്ള ആഡംബര ഭ്രമത്തിലാണവരുടെ കണ്ണുകൾ. വലിയ സൗകര്യങ്ങൾ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാക്കാനുള്ള വ്യഗ്രത. ഇതിനായി എളുപ്പം പണം കിട്ടുന്ന മാർഗ്ഗം തേടിയുള്ള പരക്കംപാച്ചലിൽ പുരുഷന്മാർക്കൊപ്പവും ഒരു ചുവട് മുൻപെയും ഓടുകയാണിപ്പോൾ  സ്ത്രീകളും. ഇക്കാര്യം അറിയാവുന്ന മാഫിയാ സംഘങ്ങൾ ഇത്തരം സ്ത്രീകളെ ഉപയോഗപ്പെടുത്തി ലഹരിക്കടത്തും സ്വർണ്ണക്കടത്തും നിർബാധം തുടരുന്നുമുണ്ട്.

സ്വർണ്ണക്കടത്തു സംഘങ്ങളുടെ ഏജന്റുമാരായി വിമാനത്താവളത്തിന് അകത്തും പുറത്തും  പിടിയിലാവുന്ന സ്ത്രികളുടെ എണ്ണവും ഇതോടെ നാൾക്കുനാൾ കൂടി. സ്ത്രീ യാത്രക്കാരിൽ സമീപ കാലം വരെ കസ്റ്റംസ് പരിശോധനകൾ കർശനമായിരുന്നില്ല. ഇത് മറയാക്കിയാണ് സ്വർണ്ണക്കള്ളക്കടത്തുകാർ സ്ത്രീകളെ കരിയർമാരായി ഉപയോഗിച്ചു തുടങ്ങിയത്. സമാന പഴുതുകൾ കിട്ടുമെന്നതിനാൽ ലഹരി വസ്തുക്കൾ കടത്താനും ഈയ്യിടെയായി മാഫിയകൾ സ്ത്രീകളെ ചേർത്തുനിർത്തുകയാണ്. 

സ്ത്രീകളാവുമ്പോൾ വസ്ത്രങ്ങൾ മാറ്റിയുള്ള കർശന പരിശോധന യുണ്ടാവില്ല. ഫാമിലിയാവുമ്പോൾ സംശയത്തിന്റെ കണ്ണുകൾ ഒട്ടും പിന്തുടരുകയേ ഇല്ലെന്ന ബോധ്യം.  ആഡംബര കാറിൽ കുടുംബം പോലെ സഞ്ചരിച്ച് ലഹരിവിപണനം നടത്തിവന്നവർ ഈയ്യിടെ പിടിയിലായതോടെ പരിശോധനയിൽ ആരെയും ഒഴിവാക്കേണ്ടെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.  ഭാര്യയും ഭർത്താവും പോവുമ്പോൾ അത് ലഹരിയും കൊണ്ടാണെന്ന് ആരും കരുതുകയും പറയുകയും ചെയ്യില്ലെന്ന ഉറപ്പ് ഈയ്യിടെ കണ്ണൂരിൽ പൊട്ടി.

ഇതിൽ പിന്നീട് നടത്തിയ കർശന പരിശോധനയിൽ കണ്ണൂർ ജില്ലയിൽ ലഹരിക്കടത്തിന് പിടികൂടപ്പെട്ട ദമ്പതികളുടെയും യുവതികളുടെയും സംഖ്യ ഭയാനകമാംവിധം ഏറിയിട്ടുണ്ട് ഏറ്റവും ഒടുവിലാണ് ഡൽഹിബന്ധമുള്ള 24 കാരി ഇന്നലെ തലശ്ശേരിയിൽ പിടിയിലായത്. അഞ്ച് യുവാക്കൾക്കൊപ്പം മംഗളൂരുവിൽ നിന്നും എം.ഡി.എം.എയും കഞ്ചാവുമായി ട്രെയിനിൽ തലശ്ശേരി വരെ യാത്ര ചെയ്ത യുവതിയും സം‌ഘവും യാത്രാ വഴിയിൽ ഒരിടത്തു നിന്നും പിടിക്കപ്പെട്ടില്ല.

തലശ്ശേരിയിലിറങ്ങി തൊട്ടടുത്ത ലോഡ്ജിലെ മുറിയിലെത്തുന്നത് വരെ ഇവർ സംശയിക്കപ്പെട്ടില്ല. യുവാക്കൾക്കൊപ്പം രാപകൽ തങ്ങിയ കോട്ടയക്കാരിക്ക് ഒടുവിൽ പോലീസെത്തുമ്പോൾ സ്ഥലകാലബോധമുണ്ടായിരുന്നില്ല. പണമുണ്ടാക്കണം സുഖിക്കണം എന്ന ചിന്ത മാത്രം. കോട്ടയത്തെ വീടിനെ പറ്റിയും വീട്ടുകാരെ കുറിച്ചും ഓർക്കുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ യുവതി കൂളായി പറഞ്ഞത്. ലഹരി വസ്തുക്കളുമായി കൈയ്യോടെ പിടിയിലായ യുവതി ഉൾപ്പെട്ട സംഘത്തെ പോലിസിൽ നിന്നും മോചിപ്പിച്ചെടുക്കാൻ ഡൽഹിയിൽ നിന്നു വരെ ഇടപെടലുണ്ടായി.

LatestDaily

Read Previous

വിദ്യാർത്ഥികളെ ഇടനിലക്കാരാക്കി ലഹരിക്കച്ചവടം പുതിയ കച്ചവടതന്ത്രവുമായി ലഹരി മാഫിയ

Read Next

സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി