സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

വെള്ളരിക്കുണ്ട് : പ്രാദേശികനേതാക്കൾ തമ്മിലുള്ള പണമിടപാടിലെ പ്രശ്നങ്ങളെ തുടർന്ന്‌ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. ബിരിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റും കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്തംഗവുമായ സി.എച്ച്‌. അബ്‌ദുൾ നാസറിനെയാണ്‌ പരപ്പ ലോക്കൽ കമ്മിറ്റിയിൽനിന്ന്‌ നീക്കിയത്‌. പുലിയംകുളം ബ്രാഞ്ചിലേക്ക്‌ തരംതാഴ്ത്തിയ നടപടി കഴിഞ്ഞദിവസം നടന്ന യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം മധ്യസ്ഥൻ മുഖേന കൈമാറിയ പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന കാരണത്താലാണ്‌ നടപടി.

പണം നഷ്ടപ്പെട്ട ലോക്കൽ കമ്മിറ്റിയംഗവും മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടു  നിൽക്കുകയാണ്‌.പ്രശ്‌നം പരിഹരിക്കാൻ രണ്ടുവർഷം പാർട്ടിനേതൃത്വം കിണഞ്ഞ് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സംസ്ഥന കമ്മറ്റിയംഗത്തിന്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയും പരാജയപ്പെടുകയായിരുന്നു. 2022 ഓഗസ്റ്റ് അഞ്ചിനകം തുക തിരിച്ചുനൽകുമെന്ന രേഖാമൂലമുള്ള ഒത്തുതീർപ്പ് വ്യവസ്ഥയും പാലിച്ചില്ല. പ്രശ്നം പാർട്ടിക്കുള്ളിൽ പുകഞ്ഞതോടെയാണ്‌ അബ്ദുൾ നാസറിനെതിരേ പാർട്ടി നടപടിയെടുത്തത്‌

LatestDaily

Read Previous

മയക്കുമരുന്ന്, സ്വർണ്ണക്കടത്തുകൾക്ക് യുവതീ യുവാക്കൾ ഒരുമ്പെട്ടിറങ്ങുന്നു, അന്ധാളിപ്പോടെ നിയമ പാലകർ

Read Next

ദേശീയ പതാക ഉയർത്തൽ ചടങ്ങിനിടെ കയ്യാങ്കളി