വിദ്യാർത്ഥികളെ ഇടനിലക്കാരാക്കി ലഹരിക്കച്ചവടം പുതിയ കച്ചവടതന്ത്രവുമായി ലഹരി മാഫിയ

സ്വന്തം ലേഖകൻ

ബേക്കൽ: ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാലപറിക്കുന്ന സംഘം സജീവമായതിന് പുറമെ കുട്ടികളെ ഇടനിലക്കാരാക്കിയുള്ള മയക്കുമരുന്ന് കച്ചവടവും വർധിച്ചു. ഉദുമ, കീഴൂർ, കോട്ടിക്കുളം, നാലാംവാതുക്കൽ മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടികളെ ഉപയോഗിച്ചുള്ള ലഹരി മാഫിയയുടെ ലഹരിക്കച്ചവടം പൊടിപൊടിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളെ ആരും സംശയിക്കില്ലെന്നതിനാലാണ് ലഹരിമാഫിയ കളം മാറ്റി ചവിട്ടിയത്.

ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കച്ചവടം നേരത്തെ മുതലുണ്ടായിരുന്നു. ബേക്കലിൽ കടൽ വഴി തോണികളിലൂടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് നടക്കുന്നതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ബേക്കൽ പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം കേന്ദ്രീകരിച്ച് നിരോധിത ലഹരി വസ്തുവിന്റെയും മദ്യത്തിന്റെയും കച്ചവടം നടക്കുന്നതായും പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

അൽപ്പകാലത്തെ ഇടവേളയ്ക്ക് ശേഷം ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പറിക്കുന്ന സംഘം സജീവമായിട്ടുണ്ട്. ബൈക്കിലെത്തി കവർച്ച നടത്തുന്ന അന്യസംസ്ഥാന മോഷ്ടാക്കളെ ദിവസങ്ങൾക്ക് മുമ്പാണ് ബേക്കൽ പോലീസ് പിടികൂടിയത്.

ബൈക്കിലെത്തി സ്വർണ്ണമാല പറിക്കുന്ന സംഘത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ മൈക്ക് കെട്ടി പ്രചാരണം നടത്തിയിരുന്നു. മോഷണ സംഘം പോലീസിന് തലവേദനയായതോടെയാണ് മൈക്ക് പ്രചാരണം സംഘടിപ്പിച്ചത്.

ഡോ. വൈഭവ് സക്സേന ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ശക്തമായ നടപടികളാരംഭിച്ചിരുന്നു. മയക്കുമരുന്ന് വേട്ട ശക്തമായതോടെ മാളത്തിലൊളിച്ച ലഹരി മാഫിയ കുട്ടികളെ ലഹരിവാഹകരാക്കിയുള്ള പരീക്ഷണത്തിലാണെന്നാണ് സൂചന.

സ്കൂൾ വിദ്യാർത്ഥികളുടെ പക്കൽ രഹസ്യമായി നൽകുന്ന മയക്കുമരുന്ന് അവർ മുഖേന കച്ചവടം നടത്തുന്നതായാണ് രഹസ്യവിവരം. മയക്കുമരുന്ന് ഇടനിലക്കാരായ വിദ്യാർത്ഥികളെ തിരിച്ചറിയാൻ ശരീരത്തിൽ പ്രത്യേക അടയാളങ്ങളുമുണ്ട്.

Read Previous

ഫാഷൻഗോൾഡ് മേധാവിക്ക് എതിരെ വീണ്ടും കേസ്

Read Next

മയക്കുമരുന്ന്, സ്വർണ്ണക്കടത്തുകൾക്ക് യുവതീ യുവാക്കൾ ഒരുമ്പെട്ടിറങ്ങുന്നു, അന്ധാളിപ്പോടെ നിയമ പാലകർ