തലശ്ശേരിയിൽ ദൽഹി ബന്ധമുള്ള യുവതിയടക്കം അഞ്ചംഗ ലഹരി സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

തലശ്ശേരി: റെയിൽവെ സ്റ്റേഷൻ റോഡിലെ സ്റ്റാർ റസിഡൻസിയിൽ പോലീസ് നടത്തിയ പഴുതടച്ച നീക്കത്തിൽ എംഡി എം എയും കഞ്ചാവുമായി യുവതി ഉൾപ്പെട  6 അംഗ സംഘം അറസ്റ്റിലായി .

കോട്ടയത്തുകാരി അഖില 24,ചിറക്കര ആയിഷാ മഹലിൽ സഫ്്വാൻ 27, ചൊക്ലി ആണ്ടിപീടിക സി.പി.റോഡിലെ സൽ നാസിൽ മുഹമ്മദ് സനൂൻ 26, കൊല്ലം പുത്തൂരിലെ വി അനന്തു 25, ചിറക്കര സ്വദേശി കെ.എസ്. ഹിലാൽ 23, കോഴിക്കോട് മുക്കം ചിറക്കാട്ടിൽ സി. വിഷ്ണു 22 എന്നിവരെയാണ് തലശ്ശരി എസ് ഐ എസ് വി മിഥുനും സംഘവും അറസ്റ്റ് ചെയ്തത് . തലശ്ശേരി സ്റ്റാർ റസിഡൻസിയിലെ 201-നമ്പർ മുറിയിൽ ഒത്തുകൂടി ഇടപാടുകാരെ വിളിച്ചു വരുത്തുന്നതിനിടയിലാണ് പോലീസിന്റെ നാടകീയ ഓപ്പറേഷൻ.

കഴിഞ്ഞ ദിവസം രാവിലെ മംഗളൂരു ഭാഗത്ത് നിന്നാണ് യുവതീ യുവാക്കൾ ലഹരി വസ്തുക്കളുമായി ട്രെയിനിൽ തലശ്ശേരിയിലെത്തിയത്. റെയിൽവെ സ്റ്റേഷനടുത്ത് ഗുഡ്സ് ഷെഡ് റോഡിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങുന്നതായി രഹസ്യ സൂചന ലഭിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവിടം നിരീക്ഷണത്തിലാക്കി.

ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്നതിനിടയിൽ വനിതാ പോലിസ് അടക്കമുള്ളവരെ വിളിച്ചു വരുത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. 2.77 ഗ്രാം എം.ഡി.എം .എയും, 3.77 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. പ്രതികളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കോടതിയുടെ അനുമതിയോടെ സൈബർ സെല്ലിന് കൈമാറും. അറസ്റ്റിലായ അഖില കോട്ടയത്തുകാരിയാണെങ്കിലും, ഇപ്പോൾ ഡൽഹിയിലാണ് താമസം.

അഞ്ച് യുവാക്കൾക്കൊപ്പം ലോഡ്ജ് മുറിയിൽ നിന്നും അറസ്റ്റിലാവുമ്പോൾ പ്രത്യേകിച്ച് പരിഭ്രമമോ, ഭാവമാറ്റമോ യുവതിയിൽ കണ്ടില്ല. പോലീസിൽ അകപ്പെട്ടതോടെ അഖിലയുൾപ്പെട്ട പ്രതികളിൽ  ചിലരെ ഒഴിവാക്കാൻ ദില്ലിയിൽ നിന്നു വരെ ചില സംഘടനകളുടെ സമ്മർദ്ദമുണ്ടായി.

ലഹരി വസ്തുക്കളുടെ സ്ഥിരം ഇടപാടുകാരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഫോൺ ബന്ധങ്ങൾ കൂടി തിരയുന്നതോടെ ഇടപാടുകൾക്ക് കൂടുതൽ വ്യക്തത വരും. എൻ.ഡി.പി. എസ്. വകുപ്പിലെ 22 (ബി) ,20 (ബി), 11 (ഏ) കൂടെ 29 ഉം ചേർത്താണ് കേസെടുത്തത്.  മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

Read Previous

നടന്നത് മാല പറിക്കൽ, പോലീസിന്റെ കണ്ണിൽ മാല പറിക്കാനുള്ള ശ്രമം

Read Next

സിനിമാ നടിക്കെതിരെ റിട്ട.ഡിവൈഎസ്പിയുടെ അന്യായം കോടതി ഫയലിൽ സ്വീകരിച്ചില്ല