ഭൂമി തരം മാറ്റുന്നതിന് ഇടപെടുന്നത് ഇടനിലക്കാർ

സ്വന്തം ലേഖകൻ

അജാനൂർ : നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി തരം മാറ്റുന്നതിന് ഭൂവുടമകൾക്ക് വേണ്ടി ബന്ധപ്പെട്ട ഒാഫീസുകളിൽ ഇടപെടുന്നത് ഇടനിലക്കാർ. ഭൂമി തരംമാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകിയതിന് ശേഷം കൃഷി, വില്ലേജ്, ആർ.ഡി.ഒ. എന്നീ ഓഫീസുകളിലാണ് പ്രധാനമായും ഇടനിലക്കാർ കാര്യങ്ങൾ നടത്തിവരുന്നത്. ഇതിന് വേണ്ടി 1 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ഭൂമിയുടെ തറവിലക്കനുസരിച്ചാണ് ഭൂവുടമകളിൽ നിന്നും ഇടനിലക്കാർ പണം കൈപ്പറ്റുന്നത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള വിഹിതം നൽകിയശേഷം മിച്ചം വരുന്ന തുക ഇടനിലക്കാർ സ്വന്തം പോക്കറ്റിൽ താഴ്ത്തുകയാണ് ചെയ്യുന്നത്. ഹൊസ്ദുർഗ്ഗ് താലൂക്കിൽ ബല്ല, അജാനൂർ, ഹൊസ്ദുർഗ്ഗ് എന്നീ വില്ലേജുകളിൽ ഭൂമി തരംമാറ്റുന്നതിന് വേണ്ടിയുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

ദേശീയ പാതക്കരികിലും സംസ്ഥാന പാതക്കരികിലും മിക്ക സ്ഥലങ്ങളും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. 2008-ന് മുമ്പ് നികത്തിയ പാടം വില്ലേജ് ഓഫീസുകൾ രേഖകളിൽ ഇന്നും വയലായിത്തന്നെയാണ് അടാളപ്പെടുത്തിയിരിക്കുന്നത്. അജാനൂരിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയമവിരുദ്ധമായി നികത്തുകയോ നിറക്കുകയോ ചെയ്ത് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുകയാണ്.

ഭൂമി പറമ്പാക്കാത്തതിൽ ബാങ്ക് വായ്പകൾക്ക് ഇൗട് വെക്കാനോ മറ്റുള്ളവർക്ക് വിൽപ്പന നടത്താനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൃഷി ഭൂമി ഏറെയും അതാത് പ്രദേശത്തെ രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച് നിസ്സാര വിലയ്ക്ക് കൈവശപ്പെടുത്തുകയും, തണ്ണീർത്തട നിയമത്തിൽ സർക്കാർ നൽകിയ ഇളവുകൾ പ്രയോജനപ്പെടുത്തി പറമ്പാക്കി മാറ്റുകയുമാണ് റിയൽ എസ്റ്റേറ്റ് ലോബികൾക്ക് വേണ്ടി ഇടനിലക്കാർ ചെയ്തുവരുന്നത്.  ഇതിനവർ ഭീമമായ സംഖ്യ പ്രതിഫലം പറ്റുകയും ചെയ്യുന്നു.

 ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ട് പണം നൽകുന്നവരുടെ ഫയലുകൾ ശരവേഗത്തിലും,അതിന് സാധിക്കാത്തവരുടേത് ഒച്ചിന്റെ വേഗതയിലുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ ഭൂമി തരംമാറ്റുന്നതിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന സാധാരണക്കാരുടെ നൂറുകണക്കിന് ഫയലുകളാണ് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത്.

LatestDaily

Read Previous

സിനിമാ നടിക്കെതിരെ റിട്ട.ഡിവൈഎസ്പിയുടെ അന്യായം കോടതി ഫയലിൽ സ്വീകരിച്ചില്ല

Read Next

അപേക്ഷ ചോർച്ച; മന്ത്രിയുടെ ഇടപെടലിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു