വിമാനം ബസ് ട്രെയിൻ ടിക്കറ്റുകളിൽ വൻനിരക്ക് വർധന

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ഗൾഫ് നാടുകളിൽ വിദ്യാലയങ്ങൾക്കുള്ള വേനലവധി അവസാനിക്കുകയും ഓണം കേരളത്തിന്റെ പടിവാതിക്കലിൽ എത്തുകയും ചെയ്തതോടെ വിമാനക്കമ്പനികളും സ്വകാര്യ ടൂറിസ്റ്റ് ബസ്സുടമകളും മലയാളികളെ കൊള്ളയടിക്കുന്നു. അബൂദാബി, ദുബായ്, ഷാർജ, സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിലും ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ബസ് യാത്രാനിരക്കിലുമാണ് യാത്രക്കാരായ മലയാളികൾ കൊള്ളയടിക്കപ്പെടുന്നത്.

ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ല. മാസങ്ങൾക്ക് മുമ്പേ ഓണ സീസണുകളിലേക്കുള്ള ടിക്കറ്റുകൾ വിറ്റ് തീർന്നു. ട്രെയിൻ ടിക്കറ്റുകൾക്ക് ഫ്ലക്സി നിരക്കുകൾ ഏർപ്പെടുത്തിയാണ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഇൗടാക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് കാൽ ലക്ഷം രൂപയ്ക്ക് മുകളിലാണ്. കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് 32,000 മുതൽ 40,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ– റിയാദ് 32,000 രൂപ വരെയും കണ്ണൂർ– ജിദ്ദ അരലക്ഷം രൂപവരെയും കണ്ണൂർ–ബഹ്്റിൻ 32,000 രൂപവരെയും കണ്ണൂർ– മസ്ക്കറ്റ് 28,000 രൂപവരെയുമെത്തിനിൽക്കുന്നു.

18,000 രൂപയിൽ താഴെയുണ്ടായിരുന്ന നിരക്കാണ് ഇത്രയും ഉയരത്തിലേക്ക് പോയത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് പതിനായിരത്തിന് മുകളിലും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പതിമൂന്നായിരത്തിന് മുകളിലും ഷാർജയിൽ നിന്ന നെടുമ്പാശേരിയിലേക്ക് പതിമൂന്നായിരത്തോളം രൂപയുമാണ് നിരക്ക് ഉയർന്നു നിൽക്കുന്നത്. നാല് പേരടങ്ങുന്ന കുടുംബത്തിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാൻ ഒരുലക്ഷത്തിലധികം രൂപ ടിക്കറ്റിന് മാത്രം മുടക്കണം. ഓണാവധിക്ക് നാട്ടിലെത്താൻ മാസങ്ങൾക്ക് മുമ്പ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും ഇപ്പോഴും കാത്തിരിപ്പ് പട്ടികയിലാണ്.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാതെ നട്ടം തിരിയുന്നത്. കണ്ണൂർ – യശ്വന്തപുരം ചെന്നൈ–മംഗളൂരു എക്സ്പ്രസ് മെയിൽ ട്രെയിനുകളിലും മാവേലി നേത്രാവതി ട്രെയിനുകളിലും കടുത്ത സീറ്റ് ക്ഷാമമുണ്ട്. മിക്ക ട്രെയിനുകളിലും മാവേലി നേത്രാവതി ട്രെയിനുകളിലും കാത്തിരിപ്പ് പട്ടിക ഇരുന്നൂറിന് മുകളിലാണ്. വെയിറ്റിംഗ് പട്ടികയിൽ നിന്ന് ടിക്കറ്റ് ഉറപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞവർ ബസ്സുകളെ ആശ്രയിക്കാൻ നോക്കുമ്പോൾ ടൂറിസ്റ്റ് ബസ്സുകളിലെ നിരക്ക് കുത്തനെ ഉയർന്നു നിൽക്കുന്നു. അന്തർ സംസ്ഥാന ബസ് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുടമകൾ അവസരം മുതലാക്കി മറ്റൊരു തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്.

LatestDaily

Read Previous

സിപിഎം മുൻ ബ്രാഞ്ച് സിക്രട്ടറിക്കെതിരെ പോക്സോ കേസ്

Read Next

നടന്നത് മാല പറിക്കൽ, പോലീസിന്റെ കണ്ണിൽ മാല പറിക്കാനുള്ള ശ്രമം