ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലാകാനുള്ളത് 24 പേര്‍

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മഞ്ചേശ്വരം മുൻ എംഎല്‍എ എം. സി. കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോള്‍ഡ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇനിയും 24 പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് കേസ്സ ന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായിട്ടും ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ളവരില്‍ പലരും വിദേശത്തേക്ക് കടന്നുവെന്നാണ് വിശദീകരണം.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്ബോഴും കേസിലെ 24 പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു.  24 പേരില്‍ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് കടന്നതായും ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആകെ 34 പ്രതികളുള്ള കേസില്‍ 11 പേര്‍ക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബാക്കി രണ്ട് പേര്‍ മരിച്ചു. ഇതുവരെ അറസ്റ്റ് ചെയ്യാത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പിപി. സദാനന്ദന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ  ബഡ്സ് ആക്ട് ചുമത്തി സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും അന്വേഷണ സംഘം പൂർത്തിയാക്കിക്കഴിഞ്ഞു. 168 പരാതികളിലായി  കണ്ണൂർ, കാസർകോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

പി.പി. സദാനന്ദൻ അന്വേഷണച്ചുമതല ഏറ്റെടുത്തതോടെയാണ് ഫാഷൻ ഗോൾഡ് ഡയരക്ടർമാരെക്കൂടി പ്രതി ചേർത്തതും, കേസുകളിൽ ബഡ്സ് ആക്ട് ചുമത്തിയതും. കമ്പനിയുടെ എംഡി ചന്തേരയിലെ ടി.കെ. പൂക്കോയയുടെ മകനും ഈ തട്ടിപ്പ് കേസ്സിൽ പ്രതിയുമായ ഹിഷാമിനെയടക്കമാണ് ഇനി പിടികിട്ടാനുള്ളത്.

Read Previous

കാഞ്ഞങ്ങാട്ടെ മതസ്പർദ്ദ കേസ്സിൽ 8 പ്രതികൾക്ക് ജാമ്യം

Read Next

അധ്യാപികയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഘം പിടിയിൽ