അധ്യാപികയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഘം പിടിയിൽ

കാഞ്ഞങ്ങാട് : അധ്യാപികയുടെ മൊബൈൽ ഫോൺ  പിടിച്ചുപറിക്കുകയും രണ്ട് ഇരുചക്രവാഹനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത കേസിലുൾപ്പെട്ട മൂന്നംഗ സംഘത്തെ  ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളും ഡൽഹിയിൽ താമസക്കാരുമായ കവർച്ച സംഘമാണ് ബേക്കലിൽ പിടിയിലായത്. അലാവുദ്ദീൻ 32, അസ്‌ലം 32, ഫുർഖാൻ 19 എന്നിവരാണ് അറസ്റ്റിലായത് . ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പിടിച്ചുപറി കേസിലുൾപ്പെടെയാണ് പ്രതികൾ അറസ്റ്റിലായത്.

കോട്ടിക്കുളം ഗവ. യു.പി സ്കൂളിലെ അധ്യാപിക കാലിക്കടവിലെ ഷൈമയുടെ മൊബൈൽ ഫോൺ കോട്ടിക്കുളം ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ   തട്ടിപ്പറിച്ച് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട കേസിലാണ് അലാവുദ്ദീൻ അറസ്റ്റിലായത്. 

സി .സി .ടി .വി ക്യാമറ യുൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി രക്ഷപ്പെട്ട മോട്ടോർ ബൈക്ക് ഉപേക്ഷിച്ച നിലയിൽ  പോലീസ് കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നുൾപ്പെടെ രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ച കേസിലാണ് മറ്റ് രണ്ടുപേർ പിടിയിലായത്. ഇതിൽ അസ്ലം ഡൽഹിയിൽ വാഹന കവർച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിൽ നിന്നും ബേക്കലിലെത്തി ഇവിടെ ഒരു ക്വാട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു പ്രതികൾ. അടുത്തിടെയാണ് പ്രതികൾ ഇവിടെയെത്തിയത്. ബേക്കൽ ജംഗ്ഷന് സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു  മൂന്നു പ്രതികളും ഒരുമിച്ച് താമസിച്ചിരുന്നത്.

ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ  കസ്റ്റഡിയിലെടുത്തത്. അധ്യാപികയുടെ കവർച്ച ചെയ്ത മൊബൈൽ ഫോൺ കാസർകോട്ടെ കടയിൽ വിൽപ്പന നടത്തിയതായി  കണ്ടെത്തി. ഈ ഫോൺ കടയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു . അലാവുദ്ദീനെഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും .

LatestDaily

Read Previous

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലാകാനുള്ളത് 24 പേര്‍

Read Next

എംഎസ്എഫ് ഭാരവാഹികൾക്ക് സസ്പെൻഷൻ