സംയുക്ത ജമാഅത്ത് ഹിതപരിശോധന കേസ് സപ്തംബർ 4-ലേക്ക് മാറ്റി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോടതി കയറിയ സംയുക്ത ജമാഅത്ത് ഹിതപരിശോധനക്കേസ് സെപ്തംബർ 4-ന് പരിഗണിക്കാൻ മാറ്റിവെച്ചതോടെ സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ സാധുതയിൽ അനിശ്ചിതത്വം തുടരുന്നു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് നടന്ന ഹിതപരിശോധനയ്ക്കെതിരെ തെക്കേപ്പുറം ജമാഅത്തിലെ ഹമീദ് ചേരക്കാടത്ത്, കൊളവയൽ ജമാഅത്ത് സിക്രട്ടറി അഷ്റഫ് കൊളവയൽ എന്നിവരാണ് ഹോസ്ദുർഗ്ഗ് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്.

ഹിതപരിശോധനയെന്നത് സംയുക്ത ജമാഅത്തിന്റെ ജനാധിപത്യ രീതിയല്ലെന്ന ആക്ഷേപവുമായാണ് ഇരുവരും ബശീർ വെള്ളിക്കോത്തിന്റെ ജനറൽ സിക്രട്ടറി സ്ഥാനത്തെ കോടതിയിൽ ചോദ്യം ചെയ്തത്. വോട്ടെടുപ്പിലൂടെയോ, പാനൽ അവതരണത്തിലൂടെയോ അല്ലാതെ ആദ്യമായാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് ഹിതപരിശോധനയെന്ന സൂത്രവിദ്യ പരീക്ഷിക്കപ്പെട്ടത്.

സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത മലയോര ജമാഅത്ത് പ്രതിനിധികളെ സ്വാധീനിച്ചാണ് ബശീർ വെള്ളിക്കോത്ത് ഹിതപരിശോധനയെന്ന കുറുക്കു വഴിയിലൂടെ ജനറൽ സിക്രട്ടറി സ്ഥാനത്തെത്തിയത്. മലയോര ജമാഅത്തിലെ ചിലർക്ക് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്താണ് ബശീർ അവരെ സ്വാധീനിച്ചതെന്നും എതിർവിഭാഗം ആരോപിച്ചു.

ഉപഭാരവാഹികളിൽ ഭൂരിഭാഗവും മലയോര ജമാഅത്തിൽപ്പെട്ടവരായി തെരഞ്ഞെടുക്കപ്പെട്ടതിനെ ഉദാഹരിച്ചാണ് ബശീർ വിരുദ്ധർ ജനഹിത പരിശോധനയ്ക്ക് പിന്നിലെ കള്ളക്കെണിെയ കോടതിയിൽ ചോദ്യം ചെയ്തത്. സംയുക്ത ജമാഅത്ത് പ്രസിഡണ്ടിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തതിനാൽ ജനറൽ സിക്രട്ടറി, ട്രഷറർ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തെരഞ്ഞെടുപ്പിനെതിരെ മുൻസിഫ് കോടതിയിൽ നൽകിയ ഹരജി  ഓഗസ്റ്റ് 7-നാണ് പരിഗണിക്കേണ്ടിയിരുന്നത്. അന്നേദിവസം ഇരുകക്ഷികളുടെയും അഭിഭാഷകർ മാത്രമാണ് കോടതിയിൽ ഹാജരായത്. പൊതുയോഗത്തിന്റെ മിനുട്സ് കോടതിയിൽ ഹാജരാക്കണമെന്ന ആവശ്യം ഹരജിക്കാരുടെ അഭിഭാഷകൻ ഉന്നയിച്ചിട്ടുണ്ട്.

ഹിതപരിശോധനാ രീതി നീതിയുക്തമായ തെരഞ്ഞെടുപ്പല്ലെന്ന് കോടതി നിരീക്ഷിച്ചാൽ ബശീർ വെള്ളിക്കോത്ത് സ്ഥാനഭ്രഷ്ടനാകും. അങ്ങനെ സംഭവിച്ചാൽ സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പ് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് വഴുതി വീഴും.

LatestDaily

Read Previous

സംയുക്ത ജമാഅത്തിന്റെ ആവശ്യം അതിഞ്ഞാൽ ജമാ അത്ത് തള്ളി

Read Next

അജാനൂർ കൃഷിഭവനിൽ കൈക്കൂലി കൃഷി