സംയുക്ത ജമാഅത്തിന്റെ ആവശ്യം അതിഞ്ഞാൽ ജമാ അത്ത് തള്ളി

കെ.പി. സലിം

അജാനൂർ: കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് കമ്മിറ്റിയുമായി ഇടഞ്ഞു നിൽക്കുന്ന അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റിയുടെ സഹകരണമാവശ്യപ്പെട്ടുകൊണ്ട് സംയുക്ത ജമാ അത്തിന്റെ പുതിയ കമ്മിറ്റി നൽകിയ കത്തിന് പ്രതികരിക്കേണ്ടതില്ലെന്ന് അതിഞ്ഞാൽ  മഹല്ല് കമ്മിറ്റിയുടെ തീരുമാനം.

അതിഞ്ഞാൽ ജമാ അത്തും സമീപ മഹല്ലായ കൊളവയൽ ജമാ അത്തും തമ്മിലുള്ള തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതിഞ്ഞാൽ ജമാ അത്ത് സംയുക്ത ജമാ അത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും, പരാതിക്ക് പരിഹാരം കാണാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന സംയുക്ത ജമാ അത്ത് കമ്മിറ്റിയുടെ നിലപാടാണ് അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റിയെ ചൊടിപ്പിച്ചത്.

സംയുക്ത ജമാ അത്തിന്റെ കീഴിൽ പതിറ്റാണ്ടുകളായി കരുത്തുറ്റ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മഹല്ലാണ് അതിഞ്ഞാൽ ജമാ അത്ത്. അതുകൊണ്ട് തന്നെ അതിഞ്ഞാൽ ജമാ അത്ത് കൊളവയൽ ജമാ അത്തുമായുള്ള അതിർത്തി പ്രശ്നം പരിഹരിച്ച് കിട്ടുവാൻ  വിശ്വാസത്തിന്റെ പാതയിൽ ഉറച്ചു നിന്നുകൊണ്ടാണ് സംയുക്ത ജമാ അത്ത് കമ്മിറ്റിയെ സമീപിച്ചിരുന്നത്.

എന്നാൽ തങ്ങളറിയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സഹകരണം സംയുക്ത ജമാ അത്ത് കമ്മിറ്റിയിൽ നിന്നുമുണ്ടാവാത്തത് കാരണം ഇക്കഴിഞ്ഞ സംയുക്ത ജമാ അത്ത് വാർഷിക ജനറൽ ബോഡി യോഗം അതിഞ്ഞാൽ ജമാ അത്ത് ബഹിഷ്ക്കരിക്കുകയായിരുന്നു.

പേര് കൊണ്ട് കൊളവയലിലും ഭൂമിശാസ്ത്രപരമായി അതിഞ്ഞാലിലും താമസിച്ചു വരുന്ന ഏതാനും കുടുംബങ്ങൾ തങ്ങളെ അതിഞ്ഞാൽ മഹല്ലിലുൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടു കൂടിയാണ്, കൊളവയൽ അതിഞ്ഞാൽ ജമാ അത്തുക്കൾ തമ്മിൽ അതിർത്തി പങ്കിടുന്ന വിഷയത്തിൽ തർക്കം തല പൊക്കിയത്.

ഇത്തരമൊരു സന്ദർഭത്തിൽ നീതിപൂർവ്വമായ തീർപ്പ് കൽപ്പിക്കുന്നതിന് വേണ്ടി സംയുക്ത ജമാ അത്തിന് അതിഞ്ഞാൽ  ജമാ അത്ത് കമ്മിറ്റി നൽകിയ പരാതി പരിഗണിക്കാനോ വിഷയം അർഹിക്കുന്ന ഗൗരവത്തിൽ ചർച്ച ചെയ്യാനോ തയ്യാറാവാത്ത സംയുക്ത ജമാ അത്തിന്റെ ആവശ്യങ്ങൾ അവഗണിക്കാൻ തന്നെയാണ് അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

Read Previous

ബസ്സിൽ നിന്ന് തെറിച്ച് വീണ് മരിച്ചു

Read Next

സംയുക്ത ജമാഅത്ത് ഹിതപരിശോധന കേസ് സപ്തംബർ 4-ലേക്ക് മാറ്റി