നടിക്കെതിരെ റിട്ട. ഡിവൈഎസ്പിയുടെ കള്ളക്കേസ്

സ്റ്റാഫ് ലേഖകൻ

കൊച്ചി: കൊല്ലം സിനിമാനടിക്കെതിരെ റിട്ട. ഡിവൈഎസ്പി തൃക്കരിപ്പൂർ ഇയ്യക്കാട്ടെ  വി. മധുസൂദനൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. മെയ് 2-ന് രാത്രിയിൽ കൊല്ലം സിനിമാനടി തന്റെ ഫോണിലേക്ക് വിളിക്കുകയും, തനിക്കെതിരെ സിനിമാനടിയുടെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെടുകയും, ഈ പണം ലേറ്റസ്റ്റ് പത്രാധിപരെ ഏൽപ്പിക്കാൻ നടി ആവശ്യപ്പെട്ടുവെന്നുമാണ് വി. മധുസൂദനന്റെ പരാതി.

ഇതേ പരാതി  രണ്ടാഴ്ച മുമ്പ് മധുസൂദനൻ ബേക്കൽ പോലീസിന് നൽകിയിരുന്നുവെങ്കിലും, കള്ളപ്പരാതിയാണെന്ന് ബോധ്യപ്പെട്ടതിനാൽ പോലീസ് മധുവിന്റെ പരാതിയിൽ തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. നടിയുടെ പരാതിയിൽ മധുസൂദനൻ  പ്രതിയായ ഐപിസി 354 വകുപ്പു ചേർത്ത ലൈംഗിക പീഡനക്കേസ്സിൽ ബേക്കൽ പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് നാലു ദിവസം മുമ്പാണ്.

പെരിയ കല്ല്യോട്ട് നാലേക്രയിലുള്ള വി. മധുസൂദനന്റെ ഹോം സ്റ്റേ ബംഗ്ലാവിൽ കൊല്ലം സിനിമാനടിയെ രാത്രിയിൽ മദ്യം കുടിക്കാൻ നിർബ്ബന്ധിക്കുകയും, ലൈംഗികാവശ്യത്തിന് പിടിവലി നടത്തുകയും ചെയ്തുവെന്ന നടിയുടെ പരാതിയിലുള്ള കേസ്സിൽ നിലവിൽ വി. മധുസൂദനൻ മാത്രമാണ് പ്രതി.

ഈ ഹോംസ്റ്റേയിൽ സംഭവ ദിവസം രാത്രി മധുവിന്റെ സന്തത സഹചാരിയായ മണ്ണ് വിനുവെന്ന് വിളിക്കുന്ന വിനോദ്, ബിയർ പൊട്ടിച്ച് ഗ്ലാസ്സിലൊഴിച്ച് തന്നെ കുടിക്കാൻ നിർബ്ബന്ധിച്ചുവെന്നും, നടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി ന്യായാധിപയ്ക്ക് നൽകിയ 164 രഹസ്യമൊഴിയിൽ പ്രത്യേകം പറഞ്ഞിരുന്നുവെങ്കിലും, ഈ കേസ്സിൽ പോലീസ് വിനോദിനെ പ്രതി ചേർത്തിരുന്നില്ല.

പെരിയ ഹോംസ്റ്റേയിൽ നടി ലൈംഗിക വിഷയത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേസ്സൊഴിവാക്കാൻ സംഭവ ദിവസം രാത്രിയിൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ മധുസൂദനനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുടെ കാൽക്കൽ വീണ് അപേക്ഷിച്ചിട്ടും, നടിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിട്ടും, സിനിമാനടി പരാതിയിൽ ഉറച്ചു നിന്നതിനാലാണ് വി. മധുസൂദനനെ പ്രതി ചേർത്ത് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

നടി അന്നും പിന്നീടും യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ കേസ്സുമായി മുന്നോട്ടു പോയതിനാലാണ് നടിയെ മറ്റൊരു കേസ്സിൽ കുടുക്കാൻ ഇപ്പോൾ മധുസൂദനൻ പുതിയ കള്ളപ്പരാതിയുമായി പോലീസ്സിലും കോടതിയിലുമെത്തിയത്.

മധുസൂദനൻ പ്രതിയായ നടിക്കേസ് നിലനിൽക്കുന്ന ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതിയിൽ തന്നെയാണ് ഇപ്പോൾ മധുസൂദനൻ നടിയെയും ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിനേയും പ്രതി സ്ഥാനത്ത്  നിർത്തി സ്വകാര്യ അന്യായം ഫയൽ ചെയ്തത്. മധുവിന്റെ ഹരജി  ഫയലിൽ സ്വീകരിച്ച കോടതി പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബേക്കൽ പോലീസിന് അയച്ചു കൊടുത്തു.

LatestDaily

Read Previous

നീതുവിന്റെ ആത്മഹത്യ ഇഷ്ട വിവാഹം നടക്കാത്തതിനാൽ

Read Next

ട്രാവൽ ഏജൻസി ഉടമ നടത്തിയത്  80 ലക്ഷത്തിന്റെ തട്ടിപ്പ്