യുഡിഎഫിൽ പുത്തനുണർവ്വ് – രാഹുലിനെ മുൻ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: അപകീർത്തിക്കേസ്സിൽ സുപ്രീംകോടതി രാഹുൽഗാന്ധിയുടെ അയോഗ്യത നീക്കിയ വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത് സംസ്ഥാനത്ത് യുഡിഎഫിന് പുത്തനുണർവ്വ് പരത്തി. രാഹുലിനെ മുൻ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കേരള യുഡിഎഫും കോൺഗ്രസ്സും.

സുപ്രീംകോടതി ഉത്തരവോടെ കോൺഗ്രസ്സിനും യുഡിഎഫിനും വർദ്ധിച്ച ഊർജ്ജം കൈവന്നു. രാഹുലിന്റെ രണ്ടാം വരവ് സിപിഎമ്മിനും ഇടതുമുന്നണിക്കും ഗുണകരമല്ലെന്ന വിലയിരുത്തൽ പ്രകടമാണ്. ദേശീയ തലത്തിൽ ഇടതുപാർട്ടികളുൾപ്പെട്ട ഇന്ത്യ സഖ്യം സുപ്രീംകോടതി ഉത്തരവിനെ അത്യാഹ്ലാദത്തോടെ സ്വീകരിക്കുമ്പോഴും, കേരളത്തിൽ ഇടതുമുന്നണിയെ അസ്വസ്ഥതപ്പെടുത്തുന്നതിന് പ്രത്യേക കാരണമുണ്ട്.

ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഇടതുമുന്നണിയും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫും നേർക്കുനേരെയാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങിയ കേരളത്തിലെ ഇടതുമുന്നണിയും സിപിഎമ്മും തോൽവിയിൽ നിന്ന് കരകയറാൻ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയിൽ നിന്ന് രാഹുലിനനുകൂലമായ വിധിയുണ്ടാവുന്നത്.

ഏക സിവിൽ കോഡിനെതിരെ കേരളത്തിൽ സിപിഎം ആദ്യം രംഗത്തിറങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലേക്ക് യുഡിഎഫ് കുതിച്ചതിൽ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചതിന്റെ ആവേശവും ഒരു ഘടകമായിരുന്നു.

ജനപ്രതിനിധിയെന്ന നിലയിൽ കേരളത്തിന്റെ ജനമനസ്സുകളിൽ ഇടം നേടാൻ കഴിഞ്ഞ  നാലുവർഷത്തിനിടെ രാഹുലിന് സാധ്യമായതും യുഡിഎഫിന് അനുകൂലമാണ്. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 2024-ൽ കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളും നേടുമെന്ന്  യുഡിഎഫും കെപിസിസി  നേതൃത്വവും അവകാശപ്പെട്ടത്.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുലിന്റെ പ്രതിച്ഛായ വർദ്ധിച്ച സാഹചര്യത്തിൽ ഇത്തവണ വയനാട്ടിൽ രാഹുൽഗാന്ധിക്ക് ഈസിവാക്കോവർ ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന് കൂടുതൽ സമയം ചെലവഴിക്കുന്നതിനും വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽഗാന്ധിക്ക് സാധ്യമാവും. കർണ്ണാടകയിലെ മിന്നും ജയം പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ്സിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച സാഹചര്യവും നിലനിൽക്കുന്നുണ്ട്.

കേന്ദ്രത്തിൽ കടുത്ത മത്സരമെന്ന സാഹചര്യം വരുമ്പോൾ തന്നെയും കേരളത്തിൽ കോൺഗ്രസ്സിന് അനുകൂലമായി മാറുകയാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്നുള്ള പുതിയ സാഹചര്യം.

LatestDaily

Read Previous

വ്യാജ വിമാന ടിക്കറ്റ് നൽകി 3 ലക്ഷം തട്ടി

Read Next

ഫേസ്ബുക്ക് പോസ്റ്റിനെതിരെ അമ്മമാരുടെ പരാതി