ടൂറിസ്റ്റ് വിസയിൽ പോയവർ ദുബായിയിൽ മുങ്ങി: ട്രാവൽ ഏജൻസി ഉടമയ്ക്ക് നഷ്ടം 2.28 ലക്ഷം

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി ടൂറിസ്റ്റ് വിസയിൽ ദുബായിലേക്ക് പോയ യുവതിയും മക്കളും വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിൽ തിരിച്ചു വരാത്തതിനെത്തുടർന്ന് ട്രാവൽ ഏജൻസി ഉടമയ്ക്ക് പിഴയൊടുക്കേണ്ടി വന്നത് 2,28,000 രൂപ.

സലാം പുഞ്ചാവിയുടെ ഉടമസ്ഥതയിൽ ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി വഴി ദുബായിലേക്ക് പോയ മടക്കര സ്വദേശിനിയാണ് ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് ഗൾഫിൽ  മുങ്ങിയത്. മടക്കരയിലെ മൂപ്പന്റകത്ത് നബീസയുടെ മകളും തൃക്കരിപ്പൂരിലെ സഫാദിന്റെ ഭാര്യയുമായ നഫ്സീനയാണ് ട്രാവൽ ഏജൻസി ഉടമയെ കുഴപ്പത്തിലാക്കിയത്.

2 മാസത്തേക്കുള്ള ടൂറിസ്റ്റ് വിസയിലാണ് നഫ്സീനയും മൂന്ന് മക്കളും ചെറുവത്തൂരിലെ ട്രാവൽ ഏജൻസി വഴി വിസ സംഘടിപ്പിച്ച് ദുബായിലേക്ക് പോയത്. വിസ കാലാവധി കഴിഞ്ഞിട്ടും , യുവതി നാട്ടിൽ തിരിച്ചുവരാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് ട്രാവൽ ഏജൻസി ഉടമയായ സലാം പുഞ്ചാവിക്ക് ദുബായി എമിഗ്രേഷൻ വിഭാഗത്തിൽ 2.28 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നത്.

ഒരാൾക്ക് 2340 ദിർഹം  വീതം 4 പേരുടെ പിഴയാണ്  ഇദ്ദേഹം ഒടുക്കിയത്. ട്രാവൽ ഏജൻസി ബ്ലാക്ക് ലിസ്റ്റിലാകാൻ സാധ്യതയുള്ളതിനാലാണ്  മുൻകൂട്ടി പിഴയൊടുക്കിയത്. പ്രസ്തുത വിഷയത്തിൽ സലാം പുഞ്ചാവി ചന്തേര പോലീസിൽ പരാതിയുമായെത്തിയിരുന്നു. പരാതിയെത്തുടർന്ന് ചന്തേര പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭാര്യയെയും മക്കളെയും ഉടൻ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് സഫാദ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും നഫ്സീനയും മക്കളും തിരിച്ചെത്തിയില്ല.

LatestDaily

Read Previous

ഒറ്റ നമ്പർ ലോട്ടറി ജീവിതം തുലക്കുന്നു

Read Next

നിർത്തിയിട്ട ബൈക്കിന് കുഴലിന്റെ പേരിൽ പിഴ