സംയുക്ത ജമാഅത്ത് പ്രതിസന്ധി മഹല്ല് നിവാസികളിൽ പുകയുന്നു

സ്വന്തം ലേഖകൻ

അജാനൂർ: സംയുക്ത മുസ്്ലീം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് എതിർത്തും അനുകൂലിച്ചും മഹല്ല് നിവാസികളുടെ പ്രതികരണം. സംയുക്ത ജമാഅത്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിൽ ഇതിന് മുമ്പ് ഒരിക്കലും നടന്നിട്ടില്ലാത്ത വിധത്തിലുള്ള നാടകീയ നീക്കത്തിലൂടെ ജനറൽ സിക്രട്ടറിയെ തെരഞ്ഞെടുത്തതോടു കൂടിയാണ് സംയുക്ത ജമാഅത്തിനകത്ത് നിന്നും പുക ഉയരാൻ തുടങ്ങിയത്.

സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി നിലവിൽ പാലക്കി സി. കുഞ്ഞാമത് ഹാജിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ആഴമേറിയ വിജ്ഞാനമില്ലെങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിലും വ്യക്തി പ്രഭാവം കൊണ്ടും മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി പ്രസ്ഡണ്ടും സംയുക്ത ജമാഅത്ത് വൈസ് പ്രസ്ഡണ്ടുമായ മുബാറക് ഹസൈനാർ ഹാജിക്ക് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യോഗ്യതയുണ്ടെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം സന്നദ്ധനായിരുന്നില്ല.

കാഞ്ഞങ്ങാട് നഗരസഭ, രാജപുരം, കോടോം-ബേളൂർ, അജാനൂർ, പുല്ലൂർ -പെരിയ, പനത്തടി, കള്ളാർ തുടങ്ങിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രബലമായ 74 മഹല്ല് ജമാഅത്തുകളാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ കീഴിലുള്ളത്. സംയുക്ത ജമാഅത്ത്  കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗത്തിലേക്ക് അർഹരായ അഞ്ചു പേർ വീതമാണ് മഹല്ലിൽ നിന്നും പ്രതിനിധികളായി യോഗത്തിലേക്ക് അയക്കാറുള്ളത്.

ഏതാണ്ട്  370 പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഐക്യകണ്ഠേന ഒരാളെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. ബോധമുള്ളവരും ഇസ്്ലാമിക പാശ്ചാത്തലവും സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തിയുമുള്ളവരായിരിക്കണം മത സംഘടനയുടെ നേതൃത്വം നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പരിഗണിക്കേണ്ടതെന്ന നിലപാടാണ് ഭൂരിപക്ഷം മഹല്ല് നിവാസികൾക്കുമുള്ളത്. കീഴ്ഘടകമായ മഹല്ലിൽ നിന്നും 370 പ്രതിനിധികളെ അയക്കുന്നതിൽ ഈ വിധം യോഗ്യതയുള്ള ഒറ്റൊരാളും ഉണ്ടായിരുന്നില്ലേ എന്നുള്ള പ്രസക്തമായ ചോദ്യവും അവർ ഉന്നയിക്കുന്നു.

പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത ശേഷം ജനറൽ സിക്രട്ടറിയായി ബഷീർ വെള്ളിക്കോത്തിനെ ഹിതപരിശോധനയിലൂടെ തെരഞ്ഞെടുത്ത സംഭവത്തിലാണ് ചിലർ ഒച്ചപ്പാടുണ്ടാക്കിയത്. വ്യക്തി ശുദ്ധിക്ക് മങ്ങലേറ്റതിന്റെ പേരിലാണ് ബശീർ വെള്ളിക്കോത്തിനെ എതിർക്കുന്നതെങ്കിൽ, അത് ഭാരവാഹികളായ മറ്റുള്ളവർക്ക് കൂടി ബാധകമാവേണ്ട വിഷയമല്ലേയെന്നാണ് അതിഞ്ഞാൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹി സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.

ഫലപ്രദവും പ്രായോഗികവുമായ ജനാധിപത്യമാർഗ്ഗങ്ങൾ സ്വീകരിച്ച് മതപരമായ യാഥാർത്ഥ്യങ്ങൾ പച്ചയോടെ മഹല്ലുകളിൽ നില നിർത്തുന്നതിന് പകരം സംയുക്ത ജമാഅത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത ഹിത പരിശോധനയിലൂടെ ജനറൽ സിക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് സമ്മതം മൂളിയ സംയുക്ത ജമാഅത്ത് ഖാസിയുടെ നിലപാടും ഇതിനകം വിമർശിക്കപ്പെടുന്നുണ്ട്.

അതേസമയം സംയുക്ത ജമാഅത്തിന്റെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം കോടതി കയറിയത് ദൗർഭാഗ്യകരമാണെന്നും, പതിറ്റാണ്ടുകളുടെ കീഴ്്വഴക്കത്തെ തകിടം മറിച്ച ചിലരാണ് ഇതിന് ഉത്തരവാദികളെന്നും, വിവിധ മഹല്ലുകാരായ പഴമക്കാർ തുറന്നു പറയുന്നു.

LatestDaily

Read Previous

റെയിൽവേ സൂപ്രണ്ടിനെതിരെ കയ്യേറ്റ ശ്രമം

Read Next

ജനകീയ ഹോട്ടലുകൾ നിർത്തിയേക്കും സബ്സിഡി തുടരാനാവില്ലെന്ന് സർക്കാർ