ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

കാസര്‍കോട് : അധ്യാപകനും കോളമിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഇബ്രാഹിം ബേവിഞ്ച 69, അന്തരിച്ചു .മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബേവിഞ്ച ജുമാമസ്ജിദില്‍. കാസര്‍കോട് ബേവിഞ്ചയിലെ അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനാണ്.

കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം, പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ ബിരുദം, കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ നേടി.1980-81 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപര്‍.

1981 മുതല്‍ കാസര്‍കോട് ഗവ. കോളേജ്, കണ്ണൂര്‍ വിമന്‍സ് കോളേജ്, ഗോവിന്ദ പൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായി ജോലി ചെയ്തു. 2010 മാര്‍ച്ച് 31ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

ടി.ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍ വായന, പ്രസക്തി, ബഷീര്‍ ദ മുസ്ലിം, നിളതന്ന നാട്ടെഴുത്തുകള്‍, മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീ പിടിച്ച പള്ളിയും, പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും, ഖുര്‍ആനും ബഷീറും എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

ഭാര്യ: ഷാഹിദ.മക്കള്‍: ഷബാന, റിസ് വാന, ഷിബിലി അജ്മല്‍.മരുമക്കള്‍: റഫീഖ് കരി വെള്ളൂര്‍, സവാദ് അടുക്കത്ത്ബയല്‍, നിസ ഫസ് ലിന്‍.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അബ്ദുല്‍ റഹിമാന്‍ അടുക്കത്ത്ബയല്‍, പരേതയായ ആയിഷ. മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുള്ള ബേവിഞ്ച, കവി ഏ. ബെണ്ടിച്ചാൽ എന്നിവർ അനുശോചനമറിയിച്ചു.

LatestDaily

Read Previous

ഹമീദിന്റെ ബിരിയാണിക്ക് മൂന്നരപ്പതിറ്റാണ്ട്

Read Next

കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് കമ്മിറ്റി