ഹമീദിന്റെ ബിരിയാണിക്ക് മൂന്നരപ്പതിറ്റാണ്ട്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബിരിയാണി വിദഗ്ധൻ മടിക്കൈ മുണ്ടോട്ടെ അബ്ദുൾ ഹമീദിന്റെ ബിരിയാണിപാചകത്തിന് മൂന്നരപ്പതിറ്റാണ്ട്. പതിനാറാം വയസ്സിൽ സ്വന്തം ഉപ്പ മുഹമ്മദിനൊപ്പം ചേർന്ന് ഉറൂസിനും കല്ല്യാണ വീടുകളിലും, രുചിയുള്ള ബിരിയാണി തയ്യാറാക്കി വരുന്ന അബ്ദുൾ ഹമീദ് നീണ്ട മുപ്പത്തിയഞ്ചാം വർഷത്തിലും നാട്ടുകാർക്ക് ബിരിയാണി ഹമീദാണ്.

2000 ആളുകൾ സംബന്ധിക്കുന്ന വലിയ ചടങ്ങിന് 30 ക്വിന്റൽ അരി വരെ ബിരിയാണി വെച്ച് വിളമ്പിയ ഹമീദിന്റെ ബിരിയാണിക്ക് ആരും ഒരു ചെറിയ കുറവു പോലും ഇന്നുവരെ പറഞ്ഞിട്ടില്ല. ഹോസ്ദുർഗ് താലൂക്കിലെ മുസ്്ലീം പള്ളികളിൽ ഉറൂസ് അടുക്കുമ്പോൾ ഹമീദിന് നല്ല തിരക്കാണ്.

പാറപ്പള്ളി മഖാം ഉറൂസിന് കഴിഞ്ഞ തവണ 25 ക്വിന്റൽ അരിയും 15 ക്വിന്റൽ ആട്ടിറച്ചിയും ഉപയോഗിച്ചാണ് ഹമീദ് 1800 ഓളം പേർക്ക്  മട്ടൺ ബിരിയാണി തയ്യാറാക്കിയത്. മടിക്കൈ കന്നാടം പള്ളിയിൽ 30 വർഷങ്ങളായി ഉറൂസിന് ഹമീദല്ലാതെ മറ്റൊരാൾ ബിരിയാണി തയ്യാറാക്കിയിട്ടില്ല.

കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഏ.സി. പത്മനാഭൻ എല്ലാ വർഷവും കന്നാടം പള്ളിയിൽ ഉറൂസിനെത്തി പ്രാർത്ഥിക്കാറുണ്ടെന്ന് ബിരിയാണി വിദഗ്ധൻ അബ്ദുൾ ഹമീദ് ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. ഡോക്ടറുടെ ഏച്ചിക്കാനം തറവാടും കന്നാടം മുസ്്ലീം പള്ളിയുമായി കാലങ്ങളുടെ അഭേദ്യ ബന്ധമുണ്ട്.

തനിമ ബിരിയാണി അരിയാണ് അബ്ദുൾ ഹമീദ് ബിരിയാണിക്ക് തിരഞ്ഞെടുക്കുന്നത്. ഒരു ക്വിന്റൽ അരി കൊണ്ട് 600 പേർക്കുള്ള ബിരിയാണി ഒരുക്കാം. മടിക്കൈ മുണ്ടോട്ട് കയ്യുള്ളകൊച്ചി എന്ന പ്രദേശത്താണ് അബ്ദുൾ ഹമീദും കുടുംബവും താമസം. ഹമീദിന്റെ 16-ാം വയസ്സിൽ പിതാവ് മരണപ്പെട്ടു. ഉമ്മ ഫാത്തിമയും ജീവിച്ചിരിപ്പില്ല. ഭാര്യ ആച്ചിബി. മക്കൾ: സഫീർ പാചകക്കാരൻ മകൾ സഹീറയുടെ ഭർത്താവ് നിസാമുദ്ദീൻ സൗദിയിൽ ജോലി നോക്കുന്നു. മകൻ സഹീൻ അൽ-ഐനിൽ ജോലി. (ഹമീദ് നമ്പർ: 9496136940).

LatestDaily

Read Previous

ലൈംഗിക പീഡനക്കേസ്സിൽ മദ്രസ അധ്യാപകൻ റിമാന്റിൽ

Read Next

ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു