വീണ് എല്ലൊടിഞ്ഞ ബംഗാളി യുവാവിന് സിട്ടാപ്പാനി ഉടമയുടെ കാരുണ്യം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ജോലി കഴിഞ്ഞ് രാത്രിയിൽ കുശാൽ നഗറിലെ താമസ സ്ഥലത്തേക്ക് സൈക്കളിൽ പോകുമ്പോൾ വീണ് വലതുകാലിന്റെ എല്ലുപൊട്ടിയ ബംഗാൾ സ്വദേശി ബിപ്ലവ് ബർമ്മന് 23, യുവാവ് ജോലി ചെയ്തുവരുന്ന കാഞ്ഞങ്ങാട്ടെ സിട്ടാപ്പാനി ബർജർ ചിക്കൻ കടയുടമ അബ്ദുൾ നാസർ സഹായവുമായെത്തി.

ഒരാഴ്ച മുമ്പ് ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷന് പടിഞ്ഞാറ് കുശാൽ നഗറിലേക്കുള്ള റോഡ് ഇറക്കത്തിലാണ് ബിപ്ലവ് ബർമ്മൻ സൈക്കിളിൽ നിന്ന് വീണ് വലതുകാലിന്റെ എല്ലുപൊട്ടിയത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ബർമ്മന്റെ കാലിന് മേജർ ശസ്ത്രക്രിയ നടത്താൻ 2 ലക്ഷം രൂപ ചിലവാകുമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്ന് ബിപ്ലവിനെ മംഗളൂരു ഹൈലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുപത്തിമൂന്നുകാരനായ ബിപ്ലവിന്റെ വലതുകാൽ മുട്ടിന് താഴെ ശസ്ത്രക്രിയ നടത്തി സ്റ്റീൽ റാഡ് ഘടിപ്പിച്ച ചികിത്സയ്ക്കുള്ള ഫീസ് ഒന്നരലക്ഷം രൂപ സിട്ടാപ്പാനി സ്ഥാപനമുടമ കണ്ണൂർ സ്വദേശി അബ്ദുൾ നാസർ വഹിക്കുകയായിരുന്നു. പടിഞ്ഞാറൻ ബംഗാളിൽ നിന്ന് ജോലി തേടി കാഞ്ഞങ്ങാട്ടെത്തിയ ബിപ്ലവ് കാഞ്ഞങ്ങാട് മെയിൻ റോഡിൽ കൈലാസ് തിയേറ്റർ പരിസരത്ത് പ്രവർത്തിക്കുന്ന ബർജർ ചിക്കൻ സ്ഥാപനമായ സിട്ടാപ്പാനിയിൽ ജീവനക്കാരനാണ്.

ബിപ്ലവ് ഇപ്പോൾ താമസ സ്ഥലത്ത് വിശ്രമത്തിലാണ്. തുന്നിക്കെട്ടൽ മാറ്റാൻ വീണ്ടും ഹൈലാൻഡ് ആശുപത്രിയിൽ ചെല്ലണമെന്ന് കാഞ്ഞങ്ങാട്ടെ സിട്ടാപ്പാനി സ്ഥാപന മാനേജർ ഖലീൽ വെളിപ്പെടുത്തി. ജോലിക്കിടയിൽ അല്ലാതിരുന്നിട്ടും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് അവിചാരിതമായി വന്നുപെട്ട ആപത്തിൽ മനസ്സറിഞ്ഞുതന്നെ കാരുണ്യം ചൊരിയുകയായിരുന്നു  സിട്ടാപ്പാനി സ്ഥാപനമുടമ നാസർ.

LatestDaily

Read Previous

ഇ. മണൽ സംവിധാനം മണൽമാഫിയ കയ്യടക്കി

Read Next

ലൈംഗിക പീഡനക്കേസ്സിൽ മദ്രസ അധ്യാപകൻ റിമാന്റിൽ