വെള്ളത്തിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കണ്ടുനിന്ന അയൽക്കാരി കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം: മടിക്കൈ ബങ്കളത്ത് പ്ലസ്്വൺ വിദ്യാർത്ഥി വെള്ളക്കെട്ടിൽ വീണു മരിച്ചതിന്റെ ഞെട്ടലിൽ അയൽവാസിയും ഹൃദയാഘാതം മൂലം മരിച്ചു. ബങ്കളം പാൽ സൗസൈറ്റിക്ക് സമീപം താമസിക്കുന്ന ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്റെ മകൻ ആൽബിനാണ്  16, ഇന്നലെ വൈകുന്നേരം ബങ്കളം കരിങ്കുണ്ടിലെ വെള്ളക്കെട്ടിൽ ബന്ധുക്കൾ നോക്കി നിൽക്കെ മുങ്ങിത്താണത്.

ഇന്ന് രാവിലെ 9 മണിയോടെ കണ്ണൂരിൽ നിന്നും കാസർകോട്ടു നിന്നും എത്തിയ സ്കൂബാ ടീമാണ് കുട്ടിയുടെ ജഡം പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ അയൽവാസി വിലാസിനിയാണ് 60, സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർസെക്കന്ററി  സ്കൂൾ വിദ്യാർത്ഥിയായ ആൽബിൻ, സെബാസ്റ്റ്യൻ-ദീപ ദമ്പതികളുടെ ഏക മകനാണ്.

പത്ത് വർഷത്തോളമായി ബങ്കളത്ത് താമസിക്കുന്ന സെബാസ്റ്റ്യൻ പൂച്ചട്ടി വിൽപ്പനക്കാരനാണ്. അമ്മ ദീപയോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് ആൽബിൻ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ മുങ്ങിത്താണത്. ഇന്നലെ രാത്രി മുഴുവൻ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും, കുട്ടിയെ രക്ഷിക്കാനായില്ല. സബ് കലക്ടർ സൂഫിയാൻ അഹമ്മദും സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നൽകിയിരുന്നു.

വെള്ളത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ  മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആൽബിന്റെ മൃതദേഹം കാണാനെത്തിയ അയൽവാസി വിലാസിനി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബങ്കളത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യയാണ്  വിലാസിനി. മക്കൾ: മനോജ്, ശ്രീജയൻ. മരുമക്കൾ: ബിന്ദു, ശോഭ.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് സിക്രട്ടറി തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കോടതിയിൽ ഹരജി

Read Next

വിദ്വേഷ മുദ്രാവാക്യം: പ്രതികൾ ഗൾഫിലേക്ക് കടന്നു