സംയുക്ത ജമാഅത്ത് സിക്രട്ടറി തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കോടതിയിൽ ഹരജി

ഹിത പരിശോധന നിയമാവലിക്ക് എതിരെന്ന് ഹരജിക്കാർ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ സിക്രട്ടറിയായി ബശീർ വെള്ളിക്കോത്തിനെ തെരഞ്ഞെടുത്ത നടപടിയെ ചോദ്യം ചെയ്ത് ഹോസ്ദുർഗ് മുൻസിഫ് കോടതിയിൽ ഹരജി.  74 പ്രാദേശിക ജമാഅത്തുകളുടെ കേന്ദ്ര ഫെഡറേഷനായ സംയുക്ത ജമാഅത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡണ്ടായി സി. കുഞ്ഞാമത് ഹാജി പാലക്കിയെ ഐക്യ കണ്ഠേന തെരഞ്ഞെടുത്തിരുന്നു.

ബഷീർ വെള്ളിക്കോത്തിനെ ഹിത പരിശോധനയിലൂടെ ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ലൈംഗികാരോപണത്തെത്തുടർന്ന് സംയുക്ത ജമാഅത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ബശീർ വെള്ളിക്കോത്ത്.

കൊളവയൽ ജമാഅത്തിൽ നിന്ന് സംയുക്ത ജമാഅത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കൊളവയൽ, തെക്കേപ്പുറം ജമാഅത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹമീദ് ചേരക്കാടത്ത്, എന്നിവരാണ് ഹിത പരിശോധനക്കെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ചത്.

ഹിത പരിശോധന സംയുക്ത ജമാഅത്തിന്റെ നിയമാവലിക്കും, ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കുമെതിരാണെന്നായിരുന്നു ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ വരണാധികാരിയായ വൺഫോർ അബ്ദുറഹിമാൻ ഹാജി, ഉപവരണാധികളായിരുന്ന ബഷീർ ആറങ്ങാടി, മുഷ്താഖ് ഹുദവി എന്നിവർക്ക് നോട്ടീസയക്കാൻ മുൻസിഫ് കോടതി ഉത്തരവിട്ടു.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, നേരത്തെ നിലവിലുണ്ടായിരുന്ന കമ്മിറ്റി ഭാരവാഹികൾക്കും നോട്ടീസയക്കാൻ മുൻസിഫ് കോടതി ഉത്തരവിട്ടു. അഡ്വക്കറ്റ് രാജ്മോഹൻ  മുഖേനയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

Read Previous

പാതിവഴിയിലായ സംയുക്ത ജമാ അത്ത് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 2 ന്

Read Next

വെള്ളത്തിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കണ്ടുനിന്ന അയൽക്കാരി കുഴഞ്ഞു വീണ് മരിച്ചു