കോടതിയുടെ ഗെയിറ്റ് മോഷ്ടിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കോടതി പരിസരത്ത് അഴിച്ചുവെച്ചിരുന്ന പഴയ ഇരുമ്പ് ഗെയിറ്റ് പട്ടാപ്പകൽ മോഷ്ടിച്ചു കടത്തിയ കേസ്സിൽ കോടതി ജീവനക്കാരൻ സത്യൻ എന്ന സത്യനാഥനെ 56,  ഹോസ്ദുർഗ് എസ് ഐ, വി. മോഹനൻ ഇന്ന് അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലേക്ക് കടന്നു പോകാൻ കോടതി കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പുഗെയിറ്റാണ് കേട് വന്നതുമൂലം അറ്റകുറ്റപ്പണി നടത്താൻ അഴിച്ചുവെച്ചിരുന്നത്.

ജുലായ് 23-ന് പകൽ 11.30 മണിക്ക് സത്യൻ ഇരുമ്പ് ഗെയിറ്റ് മുരുഗൻ എന്നയാളുടെ ടെമ്പോ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുന്നത് കോടതിപ്പരിസരത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കുശാൽ നഗറിലുള്ള ഗുജ്്രിക്കടയിലാണ് സത്യൻ 1500 രൂപയ്ക്ക് ഈ ഇരുമ്പു ഗെയിറ്റ് വിൽപ്പന നടത്തിയത്. തൽസമയം 15000 രൂപ വില മതിക്കുന്ന ഗേറ്റാണിത്.

സബ്കോടതി ശിസ്തദാർ കളവുസംബന്ധിച്ച് പോലീസിന് നൽകിയ പരാതിയിലാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ വി. മോഹനനാണ് ഗെയിറ്റ് കുശാൽ നഗറിലെ ഗുജ്്രിക്കടയിൽ കണ്ടെത്തിയത്. കെ.എൽ-13.എൻ.2572 നമ്പർ മുരുഗന്റെ ഓട്ടോ ടെമ്പോയിലാണ് സത്യനാഥൻ കോടതി അവധി ദിനമായ ഞായറാഴ്ച ഗെയിറ്റ് മോഷ്ടിച്ചു കടത്തിയത്.

സത്യനാഥനെ ഗെയിറ്റ് കവർച്ചക്കേസിൽ ഇന്ന് ഉച്ചയ്ക്കാണ് പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയിൽ ടെമ്പോ ഡ്രൈവർ മുരുഗന് പങ്കില്ലെന്ന് പോലീസ് വെളിപ്പെടുത്തി. അരയിയിലായിരുന്ന സത്യൻ ആവി പ്രദേശത്താണ് ഇപ്പോൾ താമസം വർഷങ്ങളായി ഹോസ്ദുർഗ് ഏ.പി.പി. ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് പ്രതി സത്യൻ.

LatestDaily

Read Previous

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഹോട്ടലുകൾക്ക് പിഴ

Read Next

അബൂദാബിയില്‍ മരിച്ച ഉദീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു