ഫാഷൻ ഗോൾഡ് പ്രതികളുടെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.  ഇതിന്റെ ഭാഗമായുള്ള കടലാസ് പണികൾ പൂർത്തിയാക്കിയ ശേഷം കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി., പി.പി. സദാനന്ദൻ റിപ്പോർട്ട് ഉന്നതാധികാരികൾക്ക് കൈമാറി.

അനിയന്ത്രിത നിക്ഷേപ നിയമ പ്രകാരമുള്ള ഉന്നതോദ്യോഗസ്ഥൻ സഞ്ജയ് എം. കോളിനാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന് അംഗീകാരം ലഭിച്ചാലുടൻ കോടതിയിൽ സമർപ്പിക്കും. മുഖ്യപ്രതികളുടെ വീട്, പറമ്പ്, കെട്ടിടങ്ങൾ എന്നിവ കണ്ടുകെട്ടാനുള്ള പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ ആരംഭിച്ചിരുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ വഞ്ചനാക്കുറ്റത്തിന് പുറമെ ബഡ്സ് ആക്ട് കൂടി ചേർത്തതോടെയാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചത്. കേസ്സിൽ ബഡ്സ് ആക്ടിലെ വകുപ്പുകൾ കൂടി ചേർത്തതോടെ തട്ടിപ്പിനിരയായ നിക്ഷേപകരിലും പ്രതീക്ഷയുണ്ടായിട്ടുണ്ട്.

എണ്ണൂറോളം നിക്ഷേപകരെയാണ് മുൻ എംഎൽഏയും ലീഗ് സംസ്ഥാന നേതാവുമായ എം.സി. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പിനിരയാക്കിയത്. വിവാഹ മോചിതയായ സ്ത്രീക്ക് ഭർത്താവിൽ നിന്നും ലഭിച്ച നഷ്ട പരിഹാരം വരെ ഖമറുദ്ദീനും സംഘവും നിക്ഷേപത്തിന്റെ പേരിൽ തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായവരിൽ  ഭൂരിഭാഗം പേരും മുസ്്ലീം ലീഗിന്റെ അനുഭാവികൾ കൂടിയാണ്. മുസ്്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഏയുമായ എം.സി. ഖമറുദ്ദീൻ ലീഗ് ജില്ലാ നേതാവായിരുന്ന ടി.കെ. പൂക്കോയ എന്നിവരുൾപ്പെടെ 21 പേരാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലെ പ്രതികൾ.

കമ്പനിയുടെ മുഴുവൻ ഡയറക്ടർമാരെയും ഏറ്റവും ഒടുവിൽ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. നഷ്ടപ്പെട്ട സമ്പാദ്യത്തിന് വേണ്ടി തട്ടിപ്പിനിരയായവർക്ക് തെരുവിലറങ്ങി സമരം ചെയ്യേണ്ടി വന്നിരുന്നു. 2020 ജൂൺ മാസത്തിലാണ് ചന്തേര പോലീസ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുടെ പ്രവാഹമായിരുന്നു.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മുൻ എംഎൽഏയുടെ പേരിൽ ഇത്രയധികം വഞ്ചനാക്കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടത്. കേസിൽ പ്രതി ചേർക്കപ്പെട്ട ടി.കെ. പൂക്കോയയുടെ മകൻ ഹിഷാം ഗൾഫിലേക്ക് കടന്നിരുന്നു. പ്രതിപ്പട്ടികയിലുള്ള ഡയറക്ടർമാരിൽ ചിലരും വിദേശത്താണ്. ഉദിനൂരിലെ അബ്ദുൾ റസാഖ്, മുഹമ്മദ്കുഞ്ഞി, മാഹിൻകുട്ടി, മുഹമ്മദ് മേൽപ്പറമ്പ്, ഏ.സി.എം. അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, ഏ.ടിപി. അബ്ദുൾ ഹമീദ് തളിപ്പറമ്പ്, കപ്പണയിൽ സൈനുദ്ദീൻ, സി.പി.ഖദീജ തളിപ്പറമ്പ്, കെ.വി. നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്ദുൾ റഷീദ്, അനീഫ തായിലക്കണ്ടി, പി.സി. മുഹമ്മദ്, ഇ.എം. അബ്ദുൾ അസീസ് തുരുത്തി, അച്ചാരപ്പാട്ടിൽ ഇഷ, സി.പി. കുഞ്ഞബ്ദുള്ള ഒഴിഞ്ഞ വളപ്പ്, അബ്ദുൾ അസീസ് മേൽപ്പറമ്പ് എന്നിവരാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ മറ്റ് പ്രതികൾ.

LatestDaily

Read Previous

മസാജ് കേന്ദ്രത്തിലെ ലൈംഗിക തിരുമ്മൽ ഇതര സംസ്ഥാന യുവതികളുടെ പരിലാളനത്തിന് ആവശ്യക്കാരേറെ

Read Next

കാഞ്ഞങ്ങാട്ട് രണ്ടാം കലാപം ഒഴിവായത് പോലീസ് ജാഗ്രതയിൽ