കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഞെരിക്കുന്നു

കാഞ്ഞങ്ങാട്: വൈഡ് ബോഡി വിമാനങ്ങൾക്കുള്ള 3059 മീറ്റർ റൺവേയുണ്ടായിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കേന്ദ്ര സർക്കാർ ഞെരിച്ച് കൊല്ലുന്നു. ആവശ്യമാണെങ്കിൽ റൺവേ നാലായിരം മീറ്റർ വരെ നീട്ടാനും സാധിക്കും.

കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് വിദേശ വിമാനക്കമ്പനികളുടെ സർവ്വീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ പദവി)  നൽകാനാവില്ലെന്നാണ് കേന്ദ്രനിലപാട്. രാജ്യത്തെ ഒട്ടേറെ നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി ഉണ്ടെന്നിരിക്കെയാണ് കണ്ണൂരിന്റെ ചിറകരിയാനുള്ള കേന്ദ്ര നീക്കം.

പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചതോടെ ഉത്തര മലബാറിലെ പ്രവാസികളുടെ സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്. വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി അവിടെ നിന്ന് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവ്വീസുകൾ സാധ്യമാക്കുന്നതിന് പകരം കണ്ണൂർ വിമാനത്താവളത്തെ തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.

മെട്രോ നഗരത്തിലല്ലാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ  വിദേശ വിമാന സർവ്വീസ് അനുവദിക്കാനാവില്ലെന്നതാണ് വ്യോമ യാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമ്പോഴാണ്, സ്ഥലം ആവശ്യത്തിന് ഏറ്റെടുത്ത് നൽകിയിട്ടും കണ്ണൂരിനോട് കേന്ദ്രം കരുണയില്ലാത്ത നിലപാടെടുക്കുന്നത്.

മണിക്കൂറിൽ രണ്ടായിരം യാത്രാക്കാരെ ഉൾക്കൊള്ളാനാവുന്ന 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ഏരിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിവളത്തിനുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെയും വയനാട്ടിലെ മാനന്തവാടി താലൂക്കിലെയും കർണ്ണാടകയിലെ കുടക് മൈസൂർ എന്നിവിടങ്ങളിലെയും യാത്രക്കാർക്ക് ഉപകരിക്കുന്നതാണ് കണ്ണൂർ വിമാനത്താവളം. വിദേശ വിമാനക്കമ്പനികളിൽ പലതും കണ്ണൂരിനോട് താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴാണ് കേന്ദ്രം കണ്ണൂരിനോട് കടുത്ത അവഗണന കാട്ടുന്നത്.

LatestDaily

Read Previous

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണി ബേക്കൽ പോലീസിന്റെ പിടിയിൽ

Read Next

തർബിയത്തുൽ ഇസ്്ലാം പള്ളിക്ക് പുതിയ ബാങ്ക് അക്കൗണ്ട്