ഉമ്മൻചാണ്ടിയെ മറവുചെയ്യാൻ  പ്രത്യേക കല്ലറ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ ഓടിയെത്താറുള്ള പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം മറവു ചെയ്യാനൊരുക്കിയത് പ്രത്യേകം കല്ലറ. വൈദികരുടെ കുഴിമാടങ്ങൾ മാത്രമുള്ള പ്രത്യേക സ്ഥലത്താണ് ഉമ്മൻചാണ്ടിക്ക് വേണ്ടിയുള്ള കല്ലറ ഒരുക്കിയത്. ഉമ്മൻചാണ്ടിയുടെ കുടുംബമായ കരോട് വള്ളക്കാലിൽ കുടുംബത്തിന് കുടുംബ കല്ലറയുണ്ടെങ്കിലും, മുഖ്യമന്ത്രിയെന്ന നിലയിൽ പുതുപ്പള്ളിക്കും  ചർച്ചിനും നൽകിയ സേവനത്തിന്റെ ആദര സൂചകമായാണ് ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമത്തിന് പ്രത്യേകം കല്ലറ സജ്ജീകരിച്ചത്.

ദേവാലയ അധികൃതരാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേകം കല്ലറക്ക് അനുമതി നൽകിയത്. ചർച്ചിന്റെ കിഴക്കുവശത്തായി പ്രത്യേകം കല്ലറക്കുള്ള പ്രവൃത്തിക്ക് തിങ്കളാഴ്ച തന്നെ തുടക്കം കുറിച്ചിരുന്നു. ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചു. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമ മാത്യുസ് തൃദിയർ കത്തോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലാണ് ശുശ്രൂഷാ ചടങ്ങുകൾ.

സംസ്ക്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. തിരക്കുകൾ എന്തുതന്നെയായാലും ഞായറാഴ്ച പുതുപ്പള്ളിയിലെത്തി കുർബ്ബാനയിൽ പങ്കെടുക്കുക ഉമ്മൻചാണ്ടിയുടെ പതിവായിരുന്നു. സാധാരണക്കാരനായി പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് കൗതുകത്തോടെയാണ് സാധാരണക്കാർ നോക്കിക്കണ്ടത്.

കോവിഡ് കാലത്തും ചികിത്സാ വേളയിലും മാത്രമാണ് ഉമ്മൻചാണ്ടി കുർബ്ബാനക്കെത്താതിരുന്നത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ നവമ്പറിലാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തിയത്. ചികിത്സക്കായി ജർമ്മനിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഒടുവിൽ പ്രാർത്ഥനക്കായി പുതുപ്പള്ളിയിലെത്തിയത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ രാത്രി നാട്ടകം ഗസ്റ്റ് ഹൗസിൽ താമസിച്ച ശേഷം കഴിഞ്ഞ വർഷം നവമ്പർ രണ്ടിനാണ് ഉമ്മൻചാണ്ടി അവസാനമായി പുതുപ്പള്ളിയിലെത്തിയത്.

കരോട്ട് വള്ളക്കാൽ വീട്ടിലെത്തിയ ശേഷം മടങ്ങും വഴി പള്ളിയിലെത്തുകയായിരുന്നു.അന്ന് തന്നെ വിവാഹം നടന്ന പാമ്പാടി മാർകുറിയാക്കോസ് ദയാറായിലും മണർക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലും ഉമ്മൻചാണ്ടി പ്രാർത്ഥന നടത്തുകയുണ്ടായി. ഏറ്റവുമൊടുവിലായി ഇപ്പോൾ തിരിച്ച് പോകാത്ത വിധം തനിക്കായി ഒരുക്കിയ കല്ലറയിലെ അന്ത്യവിശ്രമത്തിനായി കുഞ്ഞൂഞ്ഞെത്തുമ്പോൾ പതിനായിരങ്ങളാണ് ശുശ്രൂഷ കർമ്മങ്ങൾക്കായി സന്നിഹിതരായത്.

LatestDaily

Read Previous

അപകടവസ്ഥയിലായ കൊവ്വല്‍പ്പള്ളി ഓവുചാൽ നിര്‍മ്മാണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

Read Next

പിടിച്ചുപറിക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്