എം.സി.ഖമറുദ്ദീൻ മുസ്ലീം ലീഗ്  സംസ്ഥാന കമ്മിറ്റിയിൽ, അമ്പരപ്പ് വിട്ടുമാറാതെ ലീഗണികൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് േകസ്സിലെ പ്രതി എം.സി. ഖമറുദ്ദീനെ മുസ്്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമാക്കിയ നടപടിക്കെതിരെ ലീഗിൽ പ്രതിഷേധം പുകയുന്നു. ചെറുവത്തൂർ ആസ്ഥാമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിലേക്ക് ലീഗ് അനുഭാവികളടക്കമുള്ളവരിൽ നിന്നും എം.സി. ഖമറുദ്ദീൻ നിക്ഷേപമായി സ്വീകരിച്ചത് കോടികളാണ്.

ജ്വല്ലറി പൂട്ടിയതോടെ നിക്ഷേപം വെള്ളത്തിലായവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗിന്റെ അണികളാണ്. അണികളെപ്പോലും വഞ്ചിച്ചാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ ഖമറുദ്ദീന് സംസ്ഥാന  ഭാരവാഹി സ്ഥാനം നൽകിയതെന്നാണ് വിമർശനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്ത നൂറുകണക്കിന് നിക്ഷേപത്തട്ടിപ്പ് പരാതികളിൽ പ്രതിയാണ് മുൻ എംഎൽഏ കൂടിയായ എം.സി. ഖമറുദ്ദീൻ.

പ്രവാസികളടക്കമുള്ളവരുടെ ചോരയും വിയർപ്പും കലർന്ന പണമുപയോഗിച്ച് ഖമറുദ്ദീൻ കെട്ടിപ്പൊക്കിയ ഫാഷൻ ഗോൾഡ് എന്ന സ്ഥാപനം കെടുകാര്യസ്ഥതയും ധൂർത്തും മൂലമാണ് തകർന്നത്. നിക്ഷേപത്തട്ടിപ്പ് കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കാസർകോട്ട് മധ്യസ്ഥ ചർച്ചകൾ വരെ നടന്നതിനാൽ ഖമറുദ്ദീന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനുമറിയാം.

നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ നേരിട്ട് പരാതി പറയാനെത്തിയ സംഘത്തെ കാണാൻ പോലും ലീഗിന്റെ സംസ്ഥാനാധ്യക്ഷനായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി സമ്മതിച്ചിരുന്നില്ല. പാർട്ടി അണികളുടെ നിക്ഷേപം തട്ടിയെടുത്ത് അവരെ വഴിയാധാരമാക്കിയ ഖമറുദ്ദീനെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്കെടുത്തതിൽ ജില്ലയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മുസ്്ലീം ലീഗ് ജില്ലാ നേതാവും മുൻ എംഎൽഏയുമായിരുന്ന എം.സി. ഖമറുദ്ദീൻ, ജില്ലാ നേതാവായിരുന്ന ടി.കെ. പൂക്കോയ എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. മുസ്്ലീം ലീഗിന് നാണക്കേടുണ്ടാക്കിയ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നടപടിയാണ് ലീഗ് സംസ്ഥാന നേതൃത്വം ആദ്യം മുതൽ സ്വീകരിച്ചിരുന്നത്.

നിക്ഷേപത്തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുള്ളതിനാൽ വൈകാതെ വിചാരണ നേരിടേണ്ടി വരുന്ന എം.സി. ഖമറുദ്ദീനെ സംസ്ഥാന കമ്മിറ്റിയിലേക്കെടുത്തതോടെ ലീഗ് സംസ്ഥാന നേതൃത്വം തട്ടിപ്പിനിരയായ ലീഗ് അനുഭാവികളെ വഞ്ചിച്ചുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

LatestDaily

Read Previous

വ്യാപാരി സംഘടനയിൽ വ്യാപാരികളല്ലാത്തവർ

Read Next

കാഞ്ഞങ്ങാട്ട് സർവ്വേ നടത്തിയ ഉദ്യോഗസ്ഥൻ സമ്പാദിച്ചത് 50 ലക്ഷം