കാഞ്ഞങ്ങാട്ട് സർവ്വേ നടത്തിയ ഉദ്യോഗസ്ഥൻ സമ്പാദിച്ചത് 50 ലക്ഷം

സ്വന്തം ലേഖകൻ

അജാനൂർ : ഹൊസ്ദുർഗ്ഗ് താലൂക്കിലെ ബല്ല വില്ലേജിൽ റീസർവ്വേ ജോലിക്ക് നേതൃത്വം നൽകിയ അന്യ ജില്ലക്കാരനായ ഉദ്യോഗസ്ഥൻ ഭൂവുടമകളെ കബളിപ്പിച്ച് കൈക്കലാക്കിയത് 50 ലക്ഷം രൂപ. കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽപ്പെടുന്നതും നഗരത്തിന്റെ ഹ-ൃദയ ഭാഗങ്ങൾ പൂർണ്ണമായി ഉൾപ്പെടുന്നതുമായ ബല്ലാ വില്ലേജിൽ നടത്തിയ സർവ്വേ ജോലിക്കിടയിലാണ് ഇൗ ഉദ്യോഗസ്ഥൻ പലരിൽ നിന്നായി വാങ്ങിയിട്ടുള്ള കൈക്കൂലിയുടെ വിവരം പുറത്തുവന്നത്.

ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ സർവ്വേ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് സൗജന്യമായി ചെയ്തു കൊടുക്കേണ്ടതിന് പകരം നഗരത്തിൽ ഭൂമിക്ക് പൊന്നുംവിലയുള്ള സ്ഥലങ്ങൾ ചില സാങ്കേതിക കുരുക്കിൽപ്പെട്ട് പോയതിനെത്തുടർന്ന് ഭൂനികുതിയടക്കാൻ സാധിക്കാത്തവരുടെ വിവരങ്ങൾ ശേഖരിച്ച് രേഖകൾ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ഇൗ ഉദ്യോഗസ്ഥൻ ലക്ഷങ്ങൾ വാങ്ങിയത്. നഗര ഹൃദയത്തിലുള്ള ചിത്താരി സ്വദേശികളായ സഹോദരന്മാരുടെ വസ്തു വില്ലേജ് രേഖകളിൽ ഉൾപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് സഹോദരന്മാരിൽ നിന്ന് ഇൗ ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്.

സർക്കാരിന്റേതല്ലാത്ത കൈവശാവകാശം വെച്ചിട്ടുള്ള ഭൂമി യഥാർത്ഥമാണോയെന്ന് പരിശോധിച്ച് കൈവശഭൂമിയുടെ ഉടമസ്ഥാവകാശം നിലവിലുള്ള ഭൂവുടമകൾക്ക് തന്നെ നൽകാമെന്ന് റവന്യൂ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, അധീനതയിലുള്ളതും തങ്ങൾ അനുഭവിച്ചുവരുന്നതുമായ ഭൂമി വില്ലേജ് രേഖകളിൽ കാണാത്ത സാഹചര്യം മുതലെടുത്താണ് പലരിൽ നിന്നും ഉദ്യോഗസ്ഥൻ ലക്ഷങ്ങൾ ൈകക്കൂലി വാങ്ങിയത്.

രേഖയിൽ ഉൾപ്പെടുത്തിയാൽ നഗരമധ്യത്തിലുള്ള ഭൂമിക്ക് 40 ലക്ഷം രൂപ വില ലഭിക്കുമെങ്കിൽ സർവ്വേയർക്ക് 10 ലക്ഷം നൽകുന്നത് നഷ്ടക്കച്ചവടമാണോയെന്ന് ആലോചിച്ച് നോക്കാനാണ് ഭൂവുടമകളോട് സർവ്വേയർ പറഞ്ഞിരുന്നത്. സർവ്വീസിൽ നിന്നും വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള ഇൗ ഉദ്യോഗസ്ഥൻ ഇപ്പോൾ കാസർകോട് വില്ലേജിലാണ് ജോലി ചെയ്ത് വരുന്നത്.

LatestDaily

Read Previous

എം.സി.ഖമറുദ്ദീൻ മുസ്ലീം ലീഗ്  സംസ്ഥാന കമ്മിറ്റിയിൽ, അമ്പരപ്പ് വിട്ടുമാറാതെ ലീഗണികൾ

Read Next

വൈദ്യുതി ബില്ലിന്റെ പേരിൽ ഇരുട്ടടി