65 ലക്ഷം രൂപ തട്ടിയ പ്രതി ഹരിയാനയിൽ അറസ്റ്റിൽ

കാസർകോട് : ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫാണെന്ന്  വിശ്വസിപ്പിച്ച് വ്യാപാരിയുടെ കൈയ്യിൽ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ കാസർകോട്  സൈബർ പോലീസ് ടീം അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഓംകുമാർ റോയിയെയാണ് 34, ഹരിയാനയിലെ ഗുരുഗ്രാമിൽ  ഗുരുഗ്രാം സൈബർ പോലീസിന്റെ സഹായത്തോടെ തന്ത്രപരമായി കാസർകോട് സൈബർ പോലീസ് ടീം അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ കെ രമേശൻ സീനിയർ സിവിൽ പോലീസ് ഓഫസർ സവാദ് അഷ്റഫ്, സിവിൽപോലീസ് ഓഫീസർ ജിജിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 2022 ലാണ് കേസിനാസ്‌പദമായ സംഭവം. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന ബേക്കൽ സ്വദേശിയായ വ്യാപാരിയിൽ നിന്ന് വലിയൊരു തുക വ്യാപാരിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ഇതിനുള്ള നികുതിയായി നിശ്ചിത തുക അടക്കണമെന്നും വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ പല തവണകളായി തട്ടിയെടുക്കുകയായിരുന്നു.

2022 ജനുവരി മുതൽ ഫോൺകോൾ വഴിയും വാട്സ്അപ്പ് വഴിയും പ്രതി പണം ആവശ്യപ്പെടുകയും വ്യാപാരി അത് അയച്ചു നൽകുകയുമായിരുന്നു. തുടർന്ന് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയതോടെ 2022 ഡിസംബറിൽ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കുകയും അന്വേഷണസംഘം ഹരിയാനയിലേക്ക് പുറപ്പെടുകയുമായിരുന്നു.

LatestDaily

Read Previous

ബേക്കൽ —കോവളം ജലപാത :  ജനങ്ങൾ കുടിയിറക്ക് ഭീതിയിൽ

Read Next

ഹാജി കേസ്സിൽ ജിന്ന് യുവതിയുടെ നുണപ്പരിശോധനയ്ക്ക് നോട്ടീസ്