ഷീജ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: മടിക്കൈ നാരയിൽ യുവഭർതൃമതി ഷീജ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രവാസിയായ ഭർത്താവിനെ ആത്മഹത്യാ   പ്രേരണാക്കുറ്റം ചുമത്തി നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നാരയിലെ പ്രവാസി ജയപ്രകാശിന്റെ ഭാര്യ നീലേശ്വരം ചിറപ്പുറം ആലിങ്കീഴിലെ ഷീജയുടെ  35, ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനമാണെന്നാരോപിച്ച് ബന്ധുക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയപ്രകാശിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ്സെടുത്തത്.

ജൂൺ 29-ന് ആലിങ്കീലിൽ പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് ഷീജ മടിക്കൈ നാരയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്. ജയപ്രകാശ് ഷീജയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൻ പോലീസിന് മൊഴി നൽകിയിരുന്നു. യുവാവിന് ഒന്നിലധികം സ്ത്രീകളുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നും, ആത്മഹത്യ ചെയ്ത ഷീജ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ തെളിവുകൾ ഷീജയുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

ഭർതൃഗൃഹത്തിൽ നേരിട്ട പീഡനങ്ങൾ ഷീജ പോലീസുദ്യോഗസ്ഥൻ കൂടിയായ മാതൃസഹോദരീപുത്രൻ ഷിജുവിനെ അറിയിച്ചിരുന്നു. മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാർ ഭർത്താവ് ജയപ്രകാശും ഭർതൃമാതാവ് കാർത്ത്യായനിയുമാണെന്നാരോപിച്ച് ഷീജയുടെ മാതാവ് നളിനിയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. മകന് വേണ്ടി ജീവിക്കുമെന്നും ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും പറഞ്ഞ ഷീജയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണെന്നാണ് നളിനിയുടെ ആരോപണം.

LatestDaily

Read Previous

പെൺവിഷയത്തിൽ നടപടി ഉറപ്പ്

Read Next

കെ. സുധാകരനെ കൈവിട്ട് ഏ,ഐ ഗ്രൂപ്പുകളും യൂത്ത് കോൺഗ്രസും