സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പാർട്ടി ജനറൽ സിക്രട്ടറി സ്ഥാനത്ത് നിന്നും തന്നെ നീക്കിയത് ജില്ലാ പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടിയെന്ന് എൻസിപി ഭാരവാഹിത്വത്തിൽ നിന്നും നീക്കപ്പെട്ട വസന്തകുമാർ കാട്ടുകുളങ്ങര. ഇതിനെതിരെ സംസ്ഥാനക്കമ്മിറ്റിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം പോലും ആവശ്യപ്പെടാതെയാണ് തന്നെ ഭാരവാഹി സ്ഥാനത്തു നിന്നും നീക്കിയതെന്ന് വസന്തകുമാർ ആരോപിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് തന്നെ ജില്ലാ ജനറൽ സിക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വിവരം അറിഞ്ഞത്.
ജില്ലാ കമ്മിറ്റി പോലും ചേരാതെയാണ് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഏകപക്ഷീയമായി തന്നെ ജനറൽ സിക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയതെന്നും വസന്തകുമാർ ആരോപിച്ചു. പാർട്ടിയിൽ പിടിമുറുക്കിയ സെക്സ് റാക്കറ്റിനെതിരെ പ്രതിഷേധമുയർത്തിയതിന്റെ പേരിലാണ് തന്നെ നീക്കിയതെന്നും വസന്തകുമാർ ആരോപിക്കുന്നു. നിരോധിത സംഘടനകളിൽപ്പെട്ട പലരും എൻസിപിയിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ജില്ലാ ഘടകം ഒരു കോക്കസിന്റെ പിടിയിലാണെന്നും, ഇതിനെതിരെ പാർട്ടിക്കുള്ളിൽ ഉറച്ചു നിന്ന് പോരാടുമെന്നും വസന്തകുമാർ കാട്ടുകുളങ്ങര അറിയിച്ചു.