ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി പീഡനം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ചെറുപുഴ: മൊബെൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ചികിത്സ വാഗ്ദാനം നൽകി മംഗലാപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഐസ് ക്രീമിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിൽ  പീഡിപ്പിക്കുകയും, പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം ഒളിവിൽക്കഴിയുകയുമായിരുന്ന പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പിടിയിൽ.

പെരുമ്പടവ് തലവിൽ സ്വദേശി എം.സുനിൽകുമാറിനെയാണ്  44, പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ പി.സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.എൻ. പി.രാഘവന്റെ  നേതൃത്വത്തിലുള്ള  സംഘം പിടികൂടിയത്. 2008 -ലായിരുന്നു സംഭവം. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇയാൾ സൗഹൃദം നടിച്ച് മംഗലാപുരത്തെ  ആശുപത്രിയിലേക്കെന്ന വ്യാജേന ലോഡ്ജിലെത്തിച്ച് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം മയക്കത്തിലാക്കി പീഡിപ്പിക്കുകയും യുവതിയുടെ കൈയിലുണ്ടായിരുന്ന 4,500 രൂപയും ഒന്നേമുക്കാൽ പവന്റെ ആഭരണങ്ങളുമായി മുങ്ങിയത്.

തുടർന്ന് നാട്ടിലെത്തിയ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി നാട്ടിൽ നിന്നും മുങ്ങി. 2019 -ൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി  പയ്യന്നൂർ കോടതി  പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സൈബർ സെൽ മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബംഗളൂരുവിലെത്തിയെങ്കിലും, അതിവിദഗ്ധമായി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം പയ്യന്നൂർ കോറോത്തെ സഹോദരന്റെ  വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read Previous

പാർട്ടിയിൽ സെക്സ് റാക്കറ്റ് എൻസിപി ജില്ലാ നേതൃത്വത്തിനെതിരെ  വസന്തകുമാർ കാട്ടുകുളങ്ങര

Read Next

പുറത്താക്കപ്പെട്ട പള്ളി പ്രസിഡണ്ട്  ഗൾഫിൽ നിന്ന് തിരിച്ചെത്തിയില്ല