തലശ്ശേരി തേൻകെണി: യുവതിയും കൂട്ടാളികളും റിമാന്റിൽ – തേൻ കെണിവച്ച 19 കാരി പിടിയിലായത് രണ്ടാം ഭർത്താവിനൊപ്പം

പാലയാട് രവി

തലശ്ശേരി: കണ്ണൂരിലെ ബിസിനസുകാരനെ സൂത്രത്തിൽ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി കാറും പണവും ബലമായി തട്ടിയെടുത്ത യുവതിയേയും ഭർത്താവിനെയും കൂട്ടാളികളെയും തലശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.

റെയിൽവെ സ്റ്റേഷനടുത്ത ലോട്ടസ് ക്വാർട്ടേഴ്സിലെ നടമ്മൽ ജിതിൻ 25, ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി   ശ്രീലക്ഷ്മിയിൽ അശ്വതി 19, കതിരൂർ വേറ്റുമ്മലിലെ കേളോത്ത് വീട്ടിൽ കെ. സുബൈർ 33, മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാം കണ്ടി വീട്ടിൽ ഷഫ്നാസ് 29 എന്നിവരാണ് ജയിലിലായത്.

ഇവരിൽ ജിതിൻ കഴിഞ്ഞ മാസം വീട്ടിൽ സൂക്ഷിച്ച ബോംബ് കിടപ്പുമുറിയിൽ നിന്നും മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലെറിഞ്ഞ് സ്ഫോടന പരീക്ഷണം നടത്തിയ കേസിലെ പ്രതിയാണ്. ഇയാളുടെ ഭാര്യയാണ് ഹണി ട്രാപ്പ് കേസിൽ  കൂട്ടുപ്രതിയായ അശ്വതി.19 കാരിയായ അശ്വതിയുടെ രണ്ടാം ഭർത്താവാണ് ജിതിൻ.

മറ്റൊരു പ്രതിയായ സുബൈർ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയിൽ പീടികക്കടുത്താണ് ഇന്നലെ പുലർച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായത്. ഹണി ട്രാപ്പിലൂടെ ഇവർ കൈക്കലാക്കിയ ആറായിരം രൂപയും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ലോറിയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും വാടകയ്ക്ക് നൽകുന്ന കണ്ണൂർ ചിറക്കൽ സ്വദേശിയായ മോഹൻദാസാണ് മുൻ പരിചയമുള്ള അശ്വതിയാൽ ചതിക്കപ്പെട്ടത്. ഓട്ടോ വാടക നൽകാൻ കൈയ്യിൽ പണമില്ലാത്തതിനാൽ ഉടൻ തലശ്ശേരിയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അശ്വതി മധ്യവയസ്കനായ ബിസിനസുകാരനെ വിളിക്കുന്നതോടെയാണ് തേൻ കെണിക്ക് കളമൊരുങ്ങിയത്.

പഴയ ബസ് സ്റ്റാന്റ് ബി. ഇ.എം.പി. സ്കൂളിനടുത്ത് വരാൻ പറഞ്ഞതിനെ തുടർന്ന് മോഹൻ ദാസ് സ്വന്തം കാറിൽ തലശ്ശേരിയിലെത്തി. പറഞ്ഞ സ്ഥലത്ത് അശ്വതിയെ കണ്ടില്ല. വിളിച്ചപ്പോൾ കായ്യത്ത് റോഡിലേക്ക് എത്താൻ പറഞ്ഞു. കാർ എം.ജി.റോഡരികിൽ നിർത്തി മോഹൻദാസ് കായ്യത്ത് എത്തിയപ്പോൾ ഓട്ടോയിൽ അശ്വതിയെ കണ്ടു. കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു.  കൂടെ കയറാൻ പറഞ്ഞു. ബി സിനസുകാരൻ ഓട്ടോയിൽ കയറിയതോടെ സമീപത്ത് നിന്നും രണ്ട് പേർ ഓടിയെത്തി മോഹൻദാസിൽ നിന്നും കാറിന്റെ താക്കോൽ കൈവശപ്പെടുത്തി.

നേരത്തെ നിർത്തിയിട്ട സ്ഥലത്ത് നിന്നും കാർ എടുത്തു വന്ന് മോഹൻദാസിനെ സംഘം കാറിൽ കയറ്റി കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോയി. വഴിയിൽ കാടാച്ചിറ എത്തിയപ്പോൾ രജിസ്ട്രാർ ഓഫീസിനടുത്ത്  വാങ്ങിയ കാലി സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടുവിച്ചു. പിന്നീട് മമ്പറത്ത് മോഹൻദാസിനെ ഇറക്കിവിട്ടു. അഞ്ചു ലക്ഷം രൂപ എത്തിച്ചു തന്നാൽ മുദ്രപത്രം തിരിച്ചുനൽകുമെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. മമ്പറത്ത് നിന്നും മോഹൻദാസ് തലശ്ശേരിയിലെത്തിയാണ് പോലീസിൽ പരാതിപ്പെട്ടത്.

LatestDaily

Read Previous

ഓപ്പറേഷൻ സാഗർ റാണി; 10 കിലോ മത്സ്യം പിടികൂടി

Read Next

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ എൻസിപി ജനറൽ സെക്രട്ടറിയെ നീക്കി