റിട്ട. ഡിവൈഎസ്പി പ്രതിയായ ലൈംഗിക പീഡനക്കേസ്സിന്റെ അന്വേഷണം ഹെഡ് കോൺസ്റ്റബിളിന് – പീഡനത്തിനിരയായ സിനിമാനടി ഡിജിപിയെ കാണും

സ്റ്റാഫ് ലേഖകൻ

ബേക്കൽ: റിട്ട. ഡിവൈഎസ്പി, വി. മധുസൂദനൻ 62, പ്രതിയായ ലൈംഗിക പീഡനക്കേസ്സ് അന്വേഷിക്കുന്നത് ഹെഡ് കോൺസ്റ്റബിൾ. കേരള ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന കേസ്സന്വേഷണമാണ് ബേക്കൽ പോലീസിൽ ഇപ്പോൾ നടന്നുവരുന്നത്. തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശിയായ വി. മധുസൂദനൻ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത ലൈംഗിക പീഡനശ്രമക്കേസ്സിൽ ഒന്നാം പ്രതിയാണ്.

സംഗീത ആൽബത്തിൽ അഭിനയിക്കാൻ കൊല്ലത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുത്തിയ സിനിമാനടിയെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് നാലേക്ര എന്ന സ്ഥലത്തുള്ള മധുസൂദനന്റെ ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവിലെത്തിച്ചാണ് രാത്രിയിൽ പ്രതി നടിയോട് ശരീരം പങ്കിടാൻ ആവശ്യപ്പെട്ടത്. ഈ സംഭവത്തിൽ തുടക്കത്തിൽത്തന്നെ പോലീസ് കേസ്സെടുക്കാൻ മടി കാണിച്ചിരുന്നു.

പെരിയ കല്ല്യോട്ട് രാത്രി 9 മണിക്ക് നടന്ന പീഡനശ്രമത്തെത്തുടർന്ന് സിനിമാനടി മധുവിന്റെ ബംഗ്ലാവിൽ  നിന്ന് രാത്രിയിൽ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിനിലെത്തിയ യുവ നടിയെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പെരിയ കല്ല്യോട്ടുള്ള മധുവിന്റെ ബംഗ്ലാവിലെത്തിച്ച ആൽബം സംവിധായകൻ നടി രാത്രിയിൽ വിളിച്ചതനുസരിച്ചാണ് ബംഗ്ലാവിലെത്തി നടിയെ രക്ഷപ്പെടുത്തിയത്.

ഇരുപത്തിയേഴുകാരിയായ യുവ സിനിമാനടി അന്നു രാത്രിയിൽത്തന്നെ ബേക്കൽ പോലീസിൽ രേഖാ മൂലം പരാതി നൽകിയെങ്കിലും, 48 മണിക്കൂറിന് ശേഷം പിറ്റേദിവസം വൈകുന്നേരം 4 മണിക്ക് ശേഷമാണ് പോലീസ് നടിയുടെ പരാതിയിൽ മധുവിനെ പ്രതി ചേർത്ത് ലൈംഗിക പീഡന ശ്രമത്തിന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് തെളിവുകളുടെ ബലത്തിൽ കോടതിക്ക് കുറ്റപത്രം സമർപ്പിക്കേണ്ട ഈ കേസ് റജിസ്റ്റർ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും സീനിയർ സിവിൽ പോലീസ് ഓഫീസർ അശോകനാണ് (ജി – 2006)  ഈ കേസ്സന്വേഷിക്കുന്നത്.

അശോകനും സിവിൽ പോലീസ് ഓഫീസർ സീമയും ജൂൺ 13-ന് കൊല്ലത്ത് ചെന്ന് സിനിമാ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൊല്ലം അതിഥി മന്ദിരത്തിൽ പരാതിക്കാരിയെ വിളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഈ കേസ്സിൽ ഇരയായ നടിയുടെ സിആർപിസി 164 രഹസ്യമൊഴി ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട്  രേഖപ്പെടുത്തിയത് മെയ് 29-നാണെങ്കിലും, രഹസ്യമൊഴി നാളിതുവരെ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകളിലെത്തിയിട്ടില്ല.

ഡിവൈഎസ്പി പ്രതിയായ കേസ് ഹെഡ്കോൺസ്റ്റബിൾ അന്വേഷിക്കുന്നുവെന്ന വൈരുദ്ധ്യം തന്നെ ഈ കേസ് ഡിവൈഎസ്പിക്ക് അനുകൂലമായി അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് പോലീസിൽ തന്നെ ആരോപണമുയർന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഹെഡ് കോൺസ്റ്റബിൾ പ്രതിയെ അറസ്റ്റ് ചെയ്യാൻ നേരിൽക്കാണുമ്പോൾ, പ്രതിക്ക് റിട്ട. ഡിവൈഎസ്പി എന്ന പരിഗണനയിൽ ഹെഡ് കോൺസ്റ്റബിൾ സല്യൂട്ട് ചെയ്യേണ്ടി വരികയും റിട്ട. ഡിവൈഎസ്പി പറയുന്നതനുസരിച്ച് ഈ കേസ്സ് എഴുതേണ്ടിയും വരും.

ഇരയുടെ  രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥന് നൽകാതെ മേലുദ്യോഗസ്ഥൻ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കേസ്സ് അട്ടിമറിക്കാനുള്ള നീക്കവും പ്രതിയായ റിട്ട. ഡിവൈഎസ്പിയുടെ അറസ്റ്റും വൈകുന്ന സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കുമെന്ന് കൊല്ലം സിനിമാനടി ലേറ്റസ്റ്റിനോട്   പറഞ്ഞു.

LatestDaily

Read Previous

ക്യാമറ കണ്ണ് തുറന്നു, ഹെൽമറ്റ് വ്യാപാരികൾക്ക് ചാകര

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരും പ്രതികൾ