കാസർകോട്ട് രണ്ട്‌ സ്‌കൂളുകളിൽ കവർച്ച

കാസർകോട്‌:  നഗരത്തിലെ രണ്ട്‌ സ്‌കൂളുകളിലായി ചൊവ്വാഴ്‌ച രാത്രി നടന്ന മോഷണത്തിൽ 35,000 രൂപയോളം നഷ്ടപ്പെട്ടു. കാസർകോട്‌ ഗവ. യുപിയിലും തൊട്ടടുത്തുള്ള ബിഇഎം ഹയർസെക്കൻഡറിയിലുമാണ്‌ മോഷണം നടന്നത്‌. രാവിലെ സ്‌കൂൾ തുറക്കാനെത്തിയപ്പോഴാണ്‌ ഇക്കാര്യം ശ്രദ്ധയിൽപെട്ടത്.

കാസർകോട്‌ ഗവ. യുപി സ്ക്കൂളിലെ   ഓഫീസ്‌ മുറി കുത്തിത്തുറന്ന്‌  വിദ്യാർഥികളുടെ സാന്ത്വനപ്പെട്ടിയിലുണ്ടായിരുന്ന പണം പൂർണമായും മോഷ്ടിച്ചു. 3000 രൂപയോളം ഇതിലുണ്ടായതായി പ്രധാനാധ്യാപിക ടി എൻ ജയശ്രീ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അലമാരകളുടെ പൂട്ടും നശിപ്പിച്ചു.  ബിഇഎം സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഓഫീസിലെ അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 31,964 രൂപയും ഹയർസെക്കൻഡറി വിഭാഗം ഓഫീസിലുണ്ടായിരുന്ന 2000 രൂപയും എടുത്തുകൊണ്ടുപോയി.

ഇവിടെയുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ്‌ ഡിസ്‌കും നഷ്ടപ്പെട്ടു. അലമാരകളെല്ലാം കുത്തിപ്പൊളിച്ച നിലയിലാണുള്ളത്‌. കാസർകോട്‌ ടൗൺ സ്‌റ്റേഷൻ എസ്‌ഐ വിഷ്‌ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം രണ്ട്‌ സ്‌കൂളിലുമെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും പോലീസ്‌ നായയും ഉൾപ്പെടെ സ്ഥലത്തെത്തി.

LatestDaily

Read Previous

പതിനേഴുകാരൻ ആത്മഹത്യ ചെയ്തു

Read Next

നഗരസഭയുടെ കടമുറികൾ മേൽ വാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടുന്നു