പോക്സോ: പഞ്ചായത്തംഗം റിമാന്റിൽ

സ്വന്തം ലേഖകൻ

ആദൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്സിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പോലീസിൽ കീഴടങ്ങിയ മുസ്ലിം ലീഗ് ജനപ്രതിനിധി റിമാന്റിൽ. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ എംഡിഎംഏ ലഹരിമരുന്ന് നൽകി 6 പേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്സിലെ മുഖ്യപ്രതിയായ മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗവും മുസ്ലിം ലീഗ് നേതാവുമായ എസ്എം മുഹമ്മദ്കുഞ്ഞിയാണ് ഇന്നലെ ആദൂർ പോലീസിൽ കീഴടങ്ങിയത്.

പോക്സോ കേസ്സിൽ ഒളിവിലായിരുന്ന എസ്എം മുഹമ്മദ്കുഞ്ഞി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. മയക്കുമരുന്ന് നൽകിയുള്ള പീഡനത്തെ ഗുരുതര കുറ്റകൃത്യമായിക്കണ്ട് ഹൈക്കോടതി ലീഗ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നിൽക്കക്കള്ളിയില്ലാതെ ഇദ്ദേഹം ആദൂർ പോലീസ്സിൽ കീഴടങ്ങിയത്. മുസ്ലിം ലീഗ് പ്രവർത്തകനും  6 പോക്സോ കേസ്സുകളിൽ പ്രതിയുമായ തൈസീറാണ് എസ്എം മുഹമ്മദ്കുഞ്ഞിയുടെ അടുത്തേക്ക് ആൺകുട്ടിയെ പറഞ്ഞുവിട്ടത്.

പൊവ്വലിൽ ആറംഗ സംഘത്തിന്റെ ലൈംഗിക വൈകൃതങ്ങൾക്കാണ് ആൺകുട്ടി ഇരയായത്. പ്രസ്തുത സംഭവത്തിൽ 6 പേരെ പ്രതികളാക്കി 6  പോക്സോ കേസ്സുകളാണ് ആദൂർ പോലീസ് റജിസ്റ്റർ ചെയ്തത്. മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗവും മുസ്ലിം ലീഗിന്റെ നേതാവുമായ എസ്എം മുഹമ്മദ് കുഞ്ഞി, പീഡനത്തിന് ഒത്താശ നൽകുകയും ആൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത തൈസീർ 28, അബ്ദുൾ ഷെഫീഖ് എന്ന അക്ബർ, പി.ഒ. മുഹമ്മദ് അനീസ് എന്ന അനീച്ചു 27, ഏടിഎം കവർച്ചാക്കേസ്സിലടക്കം പ്രതിയായ മെഹ്റൂഫ്, ദിൽഷാദ് എന്നിവരാണ് പൊവ്വൽ പീഡനക്കേസ് പ്രതികൾ.

കേസ്സിലെ പ്രതിയായ ദിൽഷാദ് ഗൾഫിലേക്ക് കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. എസ്എം മുഹമ്മദ്കുഞ്ഞിയുടെ അറസ്റ്റോടെ പൊവ്വൽ പീഡനക്കേസ്സിലെ അഞ്ച് പ്രതികൾ ജയിലഴികൾക്കുള്ളിലായി. വിദേശത്തേക്ക്  കടന്ന ദിൽഷാദിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

നഗരസഭയുടെ കടമുറികൾ മേൽ വാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടുന്നു

Read Next

ബിജിത എവിടെ; ഉത്തരം കിട്ടാതെ പോലീസ്