അവശ്യ സാധന വിലയിൽ വൻകുതിപ്പ്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻകുതിപ്പ്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ അവശ്യസാധന വിലയിലുണ്ടായ  വർദ്ധനവ് നേരെ ഇരട്ടിയാണ്. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില തൊട്ടാൽ പൊള്ളുന്ന രീതിയിലേക്കെത്തിയിരിക്കുന്നു.

കാരറ്റ്, പരിപ്പ്, പയർ, മുരിങ്ങ, വെളുത്തുള്ളി, തക്കാളി, പച്ചമുളക്, ചെറിയ ഉള്ളി  തുടങ്ങിയ അത്യാവശ്യ ഭക്ഷ്യ ഇനങ്ങൾക്കെല്ലാം വില കൂടിയിട്ടുണ്ട്. സാധാരണക്കാരന്റെ കുടുംബ ബജറ്റ് ആകെ താളം തെറ്റിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. സബ്സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ വിറ്റിരുന്ന സപ്ലൈകോവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ലാത്തത് വില കുതിച്ചുയരാൻ കാരണമാകുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും  കാലവർഷത്തിന്റെ  തുടക്കമായതിനാൽ വൻകിട വ്യാപാരികൾ സ്റ്റോക്ക് കുറച്ചതും കാരണം നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്.  ഇതും വില കുതിച്ചുയരാൻ ഇടയാക്കുന്നതായാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ഉത്പന്നങ്ങൾ പൂഴ്ത്തിവെച്ച് ഇടനിലക്കാർ വില കൂട്ടുന്നുവെന്ന പരാതിയും  ചില വ്യാപാരികൾക്കുണ്ട്.

കോഴിയിറച്ചിക്കും കോഴിമുട്ടക്കും വില കൂടിയത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. താറാവ് മുട്ട ഒന്നിന് പന്ത്രണ്ട് രൂപയാണ്. ഇന്നത്തെ വില നിലവാരത്തിൽ മഴക്കാലവും വറുതിയുമാവുമ്പോൾ പൊതു വിതരണ ശൃംഖലയാണ് ഒരു പരിധിവരെ സാധാരണക്കാർക്ക്  ആശ്വാസം നൽകുന്നത്.  എന്നാൽ പൊതു വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലെന്ന പോരായ്മയും വിലക്കയറ്റം രൂക്ഷമാകാനിടയാക്കുന്നു.

Read Previous

കെ. സുധാകരനും കുരുക്ക്

Read Next

എംഡിഎംഎ യുമായി യുവാവ് പിടിയിൽ