കെ. സുധാകരനും കുരുക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന് പിന്നാലെ മോൺസൺ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസ്സിൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരനെക്കൂടി പ്രതി ചേർത്തതോടെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചരിത്രത്തിൽ ഇന്നു വരെയില്ലാത്ത പ്രതിസന്ധിയിൽ.

മോൻസൺ മാവുങ്കലിനെതിരെയുള്ള വഞ്ചനാക്കേസ്സിലും സാമ്പത്തികത്തട്ടിപ്പ് കേസ്സിലും കെ. സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് എറണാകുളം ഏ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കെ. സുധാകരൻ മോൻസണിൽ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നേരിടാത്ത പ്രശ്നമാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസ് കേരള ഘടകത്തെ നയിക്കുന്ന കെ. സുധാകരനും നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കുന്ന വി.ഡി.സതീശനും ഒരേ പോലെ സാമ്പത്തികത്തട്ടിപ്പ് കേസ്സുകളിൽ പ്രതിയായെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ കുഴയ്ക്കുന്നത്.

കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനെയെച്ചൊല്ലി കെപിസിസി പ്രസിഡണ്ടിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും പാർട്ടിക്കുള്ളിൽ കലാപം മൂർച്ഛിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ  കേസ്സുകളുമുണ്ടായത്. ഇത് മുതലാക്കാൻ കോൺഗ്രസ്സിലെ സുധാകര – സതീശ വിരുദ്ധ പക്ഷം കച്ച മുറുക്കിയിട്ടുണ്ട്.

പുനർജ്ജനി പദ്ധതിയിലൂടെ വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് വി.ഡി. സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ളതാണെന്നാണ് വി.ഡി. സതീശന്റെ അവകാശവാദമെങ്കിലും, പുനർജ്ജനി പദ്ധതിക്ക് വേണ്ടി അദ്ദേഹം വിദേശത്ത് നിന്നും സ്വരൂപിച്ച തുകയുടെ കണക്കുകൾ ഇതുവരെ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ട്.

കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെപിസിസി പ്രസിഡണ്ടിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ മോൻസനോടൊപ്പം കെ. സുധാകരനും പ്രതിയായതോടെ കോൺഗ്രസ്സിന്റെ അന്തസ് നശിച്ചതായി പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. കെ. സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുണ്ട്.

നേതാക്കൾ പല ഗ്രൂപ്പുകളായി പലവഴിക്ക് പിരിഞ്ഞ് പ്രസ്താവനാ യുദ്ധം തുടങ്ങിയതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ആകെ കലങ്ങി മറിഞ്ഞ നിലയിലാണ്. പാർട്ടി പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാകാതെ നിലനിൽക്കുമ്പോഴാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കേസ്സിൽ കുടുങ്ങിയിരിക്കുന്നത്. സാമ്പത്തികത്തട്ടിപ്പ് കേസ്സിൽ പ്രതികളായ കെ. സുധാകരനും, വി.ഡി. സതീശനും അറസ്റ്റിലാകുകയാണെങ്കിൽ കേരളത്തിൽ കോൺഗ്രസ്സിന് നാഥനില്ലാതാകും.

എത്ര ചീത്തവിളിച്ചിട്ടും പിണറായി വിജയൻ ഉളുപ്പില്ലാതെ തന്നെ നോക്കി ചിരിച്ചുവെന്ന് പരസ്യമായി പ്രസംഗിച്ച  കെ. സുധാകരന് പിണറായിയുടെ ചിരിയുടെ അർത്ഥം ഇപ്പോൾ മനസ്സിലായിക്കാണുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പരിഹാസം.മുഖ്യമന്ത്രിയെ പലതവണ പരസ്യമായി അധിക്ഷേപിച്ച കെ. സുധാകരന്  മുഖ്യമന്ത്രി കൊടുത്ത മറുപണിയാണ് മോൻസൻ മാവുങ്കൽ കേസ്സിലെ പ്രതി സ്ഥാനമെന്നും സംശയിക്കുന്നവരുണ്ട്.  കെ. സുധാകരൻ നാളെയാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ക്രൈംബ്രാഞ്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ, അത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്ന് തീർച്ച.

LatestDaily

Read Previous

എം.ഡിഎംഏ പിടികൂടി

Read Next

അവശ്യ സാധന വിലയിൽ വൻകുതിപ്പ്